കാസർഗോഡ് കുടുംബവഴക്കിനെ തുടര്‍ന്ന് സഹോദരനെ വെടിവെച്ച് കൊന്നു

കാസർഗോഡ് : കുറ്റിക്കോല്‍ നൂഞ്ഞിങ്ങാനത്ത് കുടുംബവഴക്കിനെ തുടര്‍ന്ന് സഹോദരനെ വെടിവെച്ച് കൊന്നു. വളവില്‍ നൂഞ്ഞിങ്ങാനത്തെ കെ. അശോകന്‍ (46) ആണ് കൊല്ലപ്പെട്ടത്.  അശോകന്റെ സഹോദരന്‍ ബാലു എന്നറിയപ്പെടുന്ന കെ. ബാലകൃഷ്ണനെ (49) ബേഡകം പോലീസ് കസ്റ്റഡിയിലെടുത്തു.മദ്യപാനത്തെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.  ഞായറാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം. അശോകനും ഭാര്യ ബിന്ദുവും പ്രതി ബാലകൃഷ്ണനും ഒരേ വീട്ടിലാണ് താമസം.

ഇവര്‍ മദ്യപിച്ച് സ്ഥിരമായി വഴക്ക് കൂടാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.  ഞായറാഴ്ചയും പതിവുപോലെ സന്ധ്യയോടെ ഇരുവരും വഴക്ക് കൂടി.  വരാന്തയില്‍ ഇരിക്കുകയായിരുന്ന ബാലകൃഷ്ണന്റെ കാലില്‍ അശോകന്‍ വെട്ടുകല്ല് കൊണ്ടിടുകയായിരുന്നു. തുടര്‍ന്ന് വീട്ടില്‍നിന്നിറങ്ങിയ ബാലകൃഷ്ണന്‍ അയല്‍വാസിയായ മാധവന്‍ നായരുടെ വീട്ടില്‍നിന്നും തോക്ക് സംഘടിപ്പിച്ച് തിരികെ വന്ന് അശോകന് നേരെ വെടിയുതിര്‍ത്തു.

ശബ്ദം കേട്ട് ഓടിക്കൂട്ടിയ നാട്ടുകാര്‍ അശോകനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു. യാത്രാസൗകര്യം കുറഞ്ഞ സ്ഥലമായതിനാല്‍ രാത്രി 12 മണിയോടെയാണ് അശോകനെ ആശുപത്രിയിലെത്തിച്ചത്. തുടയില്‍ വെടിയേറ്റ അശോകന്‍ ചോര വാര്‍ന്നാണ് മരിച്ചതെന്നതാണ് പ്രാഥമിക നിഗമനം. പ്രതി ബാലകൃഷ്ണന്‍ അവിവാഹിതനാണ്.

Be the first to comment

Leave a Reply

Your email address will not be published.


*