കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ 29ന് തുറക്കും; നിതിന്‍ ഗഡ്കരി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: തലസ്ഥാന ജില്ലയുടെ  അഭിമാനമായ കഴക്കൂട്ടം ആകാശപാത  കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ഈ മാസം 29 ന് ഉദ്ഘാടനം ചെയ്യും. കേന്ദ്ര സഹമന്ത്രിമാരായ വി.കെ.സിംഗ്, വി.മുരളീധരന്‍, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. നവംബര്‍ 15 ന് എലിവേറ്റഡ് ഹൈവേ ഗതാഗതത്തിനായി തുറന്നു കൊടുക്കാനായിരുന്നു നിശ്ചയിച്ചതെങ്കിലും രാഷ്ട്രീയ കാരണങ്ങളാല്‍ തീരുമാനം മാറ്റുകയായിരുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലെ ഭിന്നതയാണ് എലവേറ്റഡ് ഹൈവേ ഉദ്ഘാടനം വൈകിപ്പിക്കുന്നതെന്ന ആക്ഷേപമാണ് ഉയര്‍ന്നിരുന്നത്.

നാലു വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ നവംബര്‍ 15 ന് ഗതാഗതത്തിനായി തുറന്ന് കൊടുക്കുമെന്ന് ഒക്ടോബര്‍ 21 ന് മേല്‍പാലം സന്ദര്‍ശിച്ച പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പ്രഖ്യാപിച്ചിരുന്നതാണ്. മേല്‍പ്പാലത്തിന്റെ നിര്‍മാണ പുരോഗതി വിലയിരുത്തിയ ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം. എന്നാല്‍ കേന്ദ്ര ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച മേല്‍പ്പാലത്തിന്റെ ഉദ്ഘാടനം സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചതില്‍ കേന്ദ്രം അതൃപ്തിയിലായിരുന്നു. 

2018 ഡിസംബറിലാണ് പാത നിര്‍മ്മാണം ആരംഭിച്ചത്. സംസ്ഥാനത്തെ ഏറ്റവും നീളം കൂടിയ എലിവേറ്റഡ് ഹൈവേ എന്ന പ്രത്യേകതയും ഇതിനുണ്ട്. 2.8 കിലോമീറ്ററാണ് എലിവേറ്റഡ് ഹൈവേയുടെ നീളം. ആറ്റിന്‍കുഴിയില്‍ തുടങ്ങി കഴക്കൂട്ടം സിഎസ്ഐ മിഷന്‍ ആശുപത്രിക്ക് സമീപമാണ് മേല്‍പ്പാലം അവസാനിക്കുന്നത്. 200 കോടി രൂപയാണ് നിര്‍മ്മാണ ചെലവ്. 7.5 മീറ്റര്‍ വീതിയില്‍ ഇരുവശത്തുമുള്ള സര്‍വീസ് റോഡ് കൂടാതെ പാലത്തിനടിയില്‍ 7.75 മീറ്റര്‍ വീതിയിലുള്ള റോഡുമുണ്ട്.

 

Be the first to comment

Leave a Reply

Your email address will not be published.


*