ന്യൂഡല്‍ഹി: ഡോ. ബിആര്‍ അംബേദ്‌കറിനെതിരായ കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച രാഹുല്‍ ഗാന്ധിക്കെതിരെ ഫയല്‍ ചെയ്‌ത കേസ് ഒരു ബഹുമതിയായി കാണുന്നുവെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും എംപിയുമായ കെസി വേണുഗോപാല്‍. അമിത് ഷായ്‌ക്കെതിരെ ഉയര്‍ന്ന പ്രതിഷേധങ്ങള്‍ വഴിതിരിച്ച് വിടാനുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ തന്ത്രമാണ് പ്രതിപക്ഷ നേതാവ് രാഹുലിനെതിരായ കേസ് എന്നും അദ്ദേഹം ആരോപിച്ചു. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെയാണ് കെസി വേണുഗോപാലിന്‍റെ പ്രതികരണം.
രാഹുല്‍ ഗാന്ധിക്കെതിരായ എഫ്‌ഐആര്‍ ആഭ്യന്തരമന്ത്രിക്കെതിരെ പ്രതിപക്ഷം നടത്തുന്ന കടുത്ത പ്രതിഷേധങ്ങള്‍ വഴിതിരിച്ചുവിടാനുള്ള തന്ത്രമല്ലാതെ മറ്റൊന്നുമല്ല. ബാബാസാഹിബിന്‍റെ പൈതൃകത്തെ സംരക്ഷിച്ചതിന് ചുമത്തപ്പെട്ട ഈ കേസ് ബഹുമതിക്കുള്ള ബാഡ്‌ജാണ്. ബിജെപിയുടെ രാഷ്‌ട്രീയ പകപോക്കല്‍ കാരണം ഇതിനോടകം തന്നെ രാഹുല്‍ ഗാന്ധിക്കെതിരെ 26 എഫ്‌ഐആറുകളാണ് രജിസ്റ്റര്‍ ചെയ്‌തിട്ടുള്ളത്.
ഒരു കേസ് എടുത്തുവെന്ന് വച്ച് ആര്‍എസ്എസ് – ബിജെപി ഭരണത്തിനെതിരെ നിലകൊള്ളുന്നതില്‍ നിന്നും കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും പിന്നോട്ട് പോകില്ല. തങ്ങളെ ശാരീരികമായി ആക്രമിച്ച ബിജെപി നേതാക്കള്‍ക്ക് എതിരെ കോണ്‍ഗ്രസ് വനിതാ എംപിമാര്‍ നല്‍കിയ പരാതികളില്‍ എന്തുകൊണ്ട് ഡല്‍ഹി പൊലീസ് നടപടിയെടുക്കുന്നില്ലെന്നും കെസി വേണുഗോപാല്‍ ചോദിച്ചു.
ബിഎൻഎസിലെ 117, 125 (മറ്റുള്ളവരുടെ ജീവനോ സുരക്ഷയ്‌ക്കോ അപകടമുണ്ടാക്കുന്ന പ്രവര്‍ത്തി), 131 (ക്രിമിനല്‍ ബലപ്രയോഗം), 351 (ഭീഷണിപ്പെടുത്തല്‍), 3(5) തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് രാഹുല്‍ ഗാന്ധിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്‌തത്.
Be the first to comment