
കൊച്ചി: കേരള ക്രിക്കറ്റ് അസോസിയേഷൻ (കെ.സി.എ) കൊച്ചിയിൽ പുതിയ സ്റ്റേഡിയം നിർമ്മിക്കുന്നു. നെടുമ്പാശ്ശേരിക്കടുത്ത് അത്താണിയിൽ ദേശീയപാത 544-നോട് ചേർന്നാണ് പുതിയ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം വരുന്നത്. ഇതിനായി ഭൂമി ഏറ്റെടുക്കുന്നതിനുള്ള കരാർ (എം.ഒ.യു) ഭൂവുടമകളുമായി കെ.സി.എ. ഒപ്പുവെച്ചു.
സ്പോർട്സ് സിറ്റി പദ്ധതി എന്ന നിലയിൽ സ്പോർട്സ് സമ്മിറ്റിനോട് അനുബന്ധിച്ച് സംസ്ഥാനസർക്കാരാണ് സ്റ്റേഡിയത്തെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം നടത്തുക. കെ.സി.എ. ഭാരവാഹികളും കായികമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം പ്രഖ്യാപനം ഉണ്ടാകും. അറുപത് ഏക്കറിലേറെ ഭൂമിയാണ് ഏറ്റെടുക്കുക. ഇതിൽ 30 ഏക്കർ സ്ഥലത്താണ് സ്റ്റേഡിയം നിർമ്മിക്കുക. ബാക്കിസ്ഥലം പരിശീലനസൗകര്യം ഉൾപ്പെടെയുള്ള അനുബന്ധ ആവശ്യങ്ങൾക്കായി ഉപയോഗിക്കും. പൊതു ആവശ്യത്തിനായി ഭൂമി തരംമാറ്റാൻ സർക്കാരിനെ സമീപിച്ചിട്ടുണ്ട്.
ഇടക്കൊച്ചിയിലെ ക്രിക്കറ്റ് സ്റ്റേഡിയം എന്ന സ്വപ്നം മുന്നോട്ടുകൊണ്ടുപോകാൻ കഴിയില്ലെന്ന് ഉറപ്പായതോടെയാണ് സ്വന്തം സ്റ്റേഡിയത്തിനായി കെ.സി.എ. ശ്രമങ്ങൾ ആരംഭിച്ചത്. രണ്ട് വർഷം മുമ്പുതന്നെ ഇതിനായുള്ള നീക്കങ്ങൾ തുടങ്ങിയിരുന്നു. ബി.സി.സി.ഐ. സെക്രട്ടറി ജെയ്ഷാ കൊച്ചിയിലെത്തിയപ്പോഴാണ് നെടുമ്പാശ്ശേരിയിലെ ഭൂമി കാണുന്നത്. അന്ന് തന്നെ അദ്ദേഹം ഇത് ക്രിക്കറ്റ് സ്റ്റേഡിയത്തിന് അനുയോജ്യമായ സ്ഥലമാണെന്ന് കെ.സി.എ. ഭാരവാഹികളെ അറിയിച്ചിരുന്നു.
നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഏതാനും കിലോമീറ്റർ മാത്രം അകലെയാണ് ഇപ്പോൾ സ്റ്റേഡിയത്തിനായി കണ്ടെത്തിയ സ്ഥലം. നിരവധി പഞ്ചനക്ഷത്ര ഹോട്ടലുകൾ സമീപത്തുണ്ട്. അതിനാൽത്തന്നെ താരങ്ങൾക്ക് ഇവിടേക്ക് എത്താൻ എളുപ്പമാണ്. മത്സരം കാണാനായി എത്തുന്നവർക്ക് വന്നു പോകാനുള്ള യാത്രാ സൗകര്യവുമുണ്ട്. ഇക്കാരണങ്ങളാലാണ് കെ.സി.എ. നെടുമ്പാശ്ശേരിയിലെ ഭൂമിയിൽതന്നെ സ്റ്റേഡിയം നിർമിക്കാൻ താൽപര്യപ്പെടുന്നത്.
ഏഴ് സ്വകാര്യ വ്യക്തികളുടേയും മൂന്ന് സ്വകാര്യ കമ്പനികളുടേയും ഉടമസ്ഥതയിലാണ് സ്റ്റേഡിയത്തിനായി കണ്ടെത്തിയ 60 ഏക്കറിലേറെ ഭൂമി. ഈ ഭൂമി പൊതു ആവശ്യത്തിനായി കൈമാറാൻ ഭൂവുടമകൾ ചേർന്ന് കൺസോർഷ്യം രൂപവത്കരിച്ചിരുന്നു. തുടർന്നാണ് കെ.സി.എയുമായി ചർച്ചകൾ ആരംഭിച്ചത്.
Be the first to comment