ന്യൂഡല്‍ഹി: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയില്‍ തുടരവേ വീണ്ടും ഉത്തരവിറക്കി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. സൗജന്യ മരുന്നും, പരിശോധനകളും തുടരാന്‍ കെജരിവാള്‍ നിര്‍ദ്ദേശം നല്‍കിയെന്ന് മന്ത്രി സൗരഭ് ഭരദ്വാജ് അറിയിച്ചു. ഡല്‍ഹിയിലെ ജനങ്ങള്‍ക്കൊപ്പം എക്കാലവും ഉണ്ടാകുമെന്നും അവരുടെ ആരോഗ്യം എന്നും പ്രഥമ പരിഗണനയാണെന്ന് കെജരിവാള്‍ അറിയിച്ചുവെന്നും സൗരഭ് ഭരദ്വാജ് പറഞ്ഞു.
ആരോഗ്യവകുപ്പിനാണ് ഇ ഡി കസ്റ്റഡിയില്‍നിന്ന് അദ്ദേഹം രണ്ടാമത്തെ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. മൊഹല്ല ക്ലിനിക്കുകളില്‍ എത്തുന്ന ജനങ്ങള്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നതായി മുഖ്യമന്ത്രിക്ക് വിവരം ലഭിച്ചുവെന്നും ഇത് പരിഹരിക്കുന്നതിനുള്ള നടപടിയെടുക്കാന്‍ അദ്ദേഹം നിര്‍ദ്ദേശം നല്‍കിയതായും എഎപി നേതാവും ഡല്‍ഹി മന്ത്രിയുമായ സൗരഭ് ഭരദ്വാജ് കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രിക്ക് സംസ്ഥാനത്തിൻ്റെ ആരോഗ്യ സംരക്ഷണത്തെക്കുറിച്ച് ആശങ്കയുണ്ട്. താന്‍ ജയിലിലായതിനാല്‍ ഡല്‍ഹിയിലെ ജനങ്ങള്‍ കഷ്ടപ്പെടരുതെന്നാണ് അദ്ദേഹം ആഗ്രഹിക്കുന്നതെന്നും ഭരദ്വാജ് പറഞ്ഞു. അരവിന്ദ് കെജരിവാളിൻ്റെ അറസ്റ്റിനെതിരെ പ്രധാനമന്ത്രിയുടെ ഓഫീസ് വളഞ്ഞ് പ്രതിഷേധിച്ച എഎപി പ്രവര്‍ത്തകരും പോലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. വനിത പ്രവര്‍ത്തകര്‍ അടക്കമുള്ളവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.
Be the first to comment