കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; കെജ്‌രിവാള്‍ തിഹാര്‍ ജയിലിലേക്ക്

മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ തിഹാര്‍ ജയിലിലേക്ക്. ഡല്‍ഹി കോടതി ഏപ്രില്‍ 15 വരെയാണ് കെജ്‌രിവാളിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. ഇഡി കൂടുതല്‍ റിമാന്‍ഡ് ആവശ്യപ്പെടാത്തതിനെ തുടര്‍ന്ന് റൂസ് അവന്യൂ കോടതികളിലെ പ്രത്യേക സിബിഐ ജഡ്ജി കാവേരി ബവേജയാണ് ജുഡീഷ്യൽ കസ്റ്റഡി ഉത്തരവിട്ടത്. ‘സെന്തില്‍ ബാലാജി കേസിലെ സുപ്രീം കോടതി വിധി പ്രകാരം കൂടുതല്‍ കസ്റ്റഡി ആവശ്യപ്പെടാനുള്ള അവകാശത്തിന് വിധേയമായി ഞങ്ങള്‍ ജുഡീഷ്യല്‍ കസ്റ്റഡി ആവശ്യപ്പെടുന്നു,’ ഇഡി അഭിഭാഷകന്‍ പറഞ്ഞു. ഇത് ജഡ്ജി അംഗീകരിയ്ക്കുകയായിരുന്നു.

ജയിലില്‍ വായിക്കാനായി ഭഗവത്ഗീത, രാമായണം, നീര്‍ജ ചൗധരിയുടെ ഹൗ പ്രൈം മിനിസ്റ്റേഴ്‌സ് ഡിസൈഡ് എന്നീ പുസ്തകങ്ങള്‍ കെജ്‌രിവാള്‍ ആവശ്യപ്പെട്ടു. പുസ്‌തകങ്ങള്‍ കൂടാതെ, പ്രത്യേക ഭക്ഷണം, മതപരമായ ലോക്കറ്റ് എന്നിവ അനുവദിക്കാനും ഡല്‍ഹി മുഖ്യമന്ത്രി അപേക്ഷ നല്‍കിയിട്ടുണ്ട്. മാര്‍ച്ച് 21ന് രാത്രിയാണ് ഡല്‍ഹി മുഖ്യമന്ത്രിയെ ഇഡി അറസ്റ്റ് ചെയ്തത്. ഇഡി കസ്റ്റഡി കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് കെജ്‌രിവാളിനെ കോടതിയില്‍ ഹാജരാക്കിയത്. മാര്‍ച്ച് 22 ന്, വിചാരണ കോടതി അദ്ദേഹത്തെ ആറ് ദിവസത്തെ ഇഡി കസ്റ്റഡിയിലേക്ക് റിമാന്‍ഡ് ചെയ്തു, അത് നാല് ദിവസത്തേക്ക് കൂടി നീട്ടി നല്‍കുകയായിരുന്നു.

ചില സ്വകാര്യ കമ്പനികള്‍ക്ക് മൊത്ത വ്യാപാര ലാഭത്തിൻ്റെ 12 ശതമാനം നല്‍കാനുള്ള നയത്തിൻ്റെ ഭാഗമായാണ് എക്സൈസ് നയം നടപ്പിലാക്കിയതെന്നാണ് ഇഡിയുടെ ആരോപണം. മൊത്തകച്ചവടക്കാര്‍ക്ക് അസാധാരണ ലാഭം നല്‍കാന്‍ വിജയ് നായരും സൗത്ത് ഗ്രൂപ്പും ചേര്‍ന്ന് ഗൂഢാലോചന നടത്തിയതായും കേന്ദ്ര ഏജന്‍സി പറയുന്നു. വിജയ് നായര്‍ കെജ്‌രിവാളിനും സിസോദിയയ്ക്കും വേണ്ടി പ്രവര്‍ത്തിക്കുകയായിരുന്നുവെന്നാണ് ഇഡി ആരോപണം. നിലവില്‍ മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, രാജ്യ സഭ എംപി സഞ്ജയ് സിംഗ്, ആം ആദ്മി നേതാവ് വിജയ് നായര്‍ എന്നിവരെ ഈ കേസില്‍ ഇഡി അറസ്റ്റ് ചെയ്തിട്ടുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*