കേരളാ ബാങ്ക് ജീവനക്കാര്‍ സമരത്തിലേക്ക്; എംപ്ലോയീസ് കോണ്‍ഗ്രസിന്റെ ത്രിദിന പണിമുടക്ക് വ്യാഴാഴ്ച മുതല്‍

തിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരളാ ബാങ്ക് എംപ്ലോയീസ് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കേരളാ ബാങ്ക് ജീവനക്കാര്‍ നവംബര്‍ 28, 29, 30 തിയതികളില്‍ സംസ്ഥാന വ്യാപകമായി പണിമുടക്കും. ബാങ്കിന്റെ സംസ്ഥാനത്തെ 823 ശാഖകളിലെയും ഹെഡ് ഓഫീസിലെയും റീജണല്‍ ജില്ലാ ഓഫീസുകളിലെയും ജീവനക്കാര്‍ പണിമുടക്കില്‍ പങ്കെടുക്കും.

ജീവനക്കാരുടെ കുടിശ്ശികയായ 39% ക്ഷാമ ബത്ത അനുവദിക്കുക, കാലാവധി കഴിഞ്ഞ് 3 വര്‍ഷമായ ശമ്പള പരിഷ്‌ക്കരണത്തിന് കമ്മിറ്റിയെ നിയമിക്കുക, ബാങ്കിലെ രണ്ടായിരത്തോളം ഒഴിവുകള്‍ പിഎസ്‌സിക്ക് റിപ്പോര്‍ട്ട് ചെയ്യുക, മലപ്പുറം ജില്ലയിലെ ജീവനക്കാരുടെ 3 വര്‍ഷമായി തടഞ്ഞുവെച്ച പ്രമോഷനുകള്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളില്‍ സര്‍ക്കാരും സഹകരണ മന്ത്രിയും കേരളാ ബാങ്ക് മാനേജ്‌മെന്റും സ്വീകരിക്കുന്ന നിഷേധാത്മക നിലപാടില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്.

സഹകരണ മന്ത്രി ജീവനക്കാരുടെ വിഷയങ്ങളുമായി ബന്ധപ്പെട്ട് ഫെബ്രുവരി 26ന് സംഘടനാ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലെ തീരുമാനങ്ങളില്‍ ഒന്ന് പോലും ഒമ്പത് മാസമായിട്ടും നടപ്പിലാക്കിയില്ലെന്നും സംഘടന ആരോപിച്ചു. ജൂലായ് 30, 31 ന് ദ്വിദിന പണിമുടക്കും സെപ്റ്റംബര്‍ മുതല്‍ നിസ്സഹകരണ സമരവും നവംബര്‍ 1 മുതല്‍ തുടര്‍ച്ചയായി 15 ദിവസം ബാങ്ക് ഹെഡ് ഓഫീസിന് മുമ്പില്‍ സത്യാഗ്രഹ സമരവും തുടര്‍ന്ന് മന്ത്രി വസതിയിലേക്ക് മാര്‍ച്ചും നടത്തി. എന്നാല്‍ സര്‍ക്കാരും മാനേജ്‌മെന്റും നീതി നിഷേധം തുടരുന്ന പശ്ചാത്തലത്തില്‍ മൂന്നു ദിവസങ്ങളില്‍ സംഘടന പണിമുടക്കിന് നിര്‍ബന്ധിതമായിരിക്കുകയാണെന്നും സംഘടന അറിയിച്ചു.

 

 

Be the first to comment

Leave a Reply

Your email address will not be published.


*