മഹാമൗനം ബാക്കിയാക്കി എം ടി എന്ന രണ്ടക്ഷരം ഇനി ഓർമ്മ. തൊട്ട മേഖലകളെല്ലാം പൊന്നാക്കിയ എം ടി വാസുദേവൻ നായർക്ക് മലയാളം വിട നൽകി. കോഴിക്കോട് കൊട്ടാരം റോഡിലെ സിതാരയെന്ന വീട്ടിൽ ആയിരങ്ങളാണ് അന്ത്യാദരമർപ്പിക്കാൻ എത്തിയത്. മാവൂർ റോഡ് ശ്മശാനത്തിലായിരുന്നു സംസ്കാരം.
എം ടിയിലാത്ത ലോകത്ത് ജീവിക്കാൻ ഇനി നമ്മൾ ശീലിക്കുകയാണ്. കോഴിക്കോട്ടെ സിതാരയെന്ന വീട്ടിലെ കസേരയിൽ ഗൗരവത്തോടെ ഇരിക്കുന്ന എം ടി കാഴ്ച മലയാളത്തിന് നഷ്ടം. ഒരുകാലത്തെ മുഴുവൻ സർഗസമ്പന്നമാക്കിയ അതുല്യജീവിതം, ഇനി ഓർമ്മ മാത്രം. എം ടിയുടെ ആഗ്രഹപ്രകാരം പൊതുദർശനം ഒഴിവാക്കിയിരുന്നു. എന്നിട്ടും കൊട്ടാരം റോഡിൽ എം ടിയെ കാണാൻ ആയിരങ്ങൾ കാത്തുനിന്നു.
സമൂഹത്തിന്റെ എല്ലാ മേഖലയിലും ഉൾപ്പെട്ടവർ എം ടിയെന്ന ഇതിഹാസത്തെ അവസാനമായി കാണാനെത്തി. നേരിട്ടറിയുന്നവർക്കും അല്ലാത്തവർക്കും പറയാൻ എം ടി അനുഭവങ്ങൾ നിരവധി. പറഞ്ഞുതീരാത്ത മഹാനദിയാണ് എം ടി. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരചടങ്ങ്. വിലാപയാത്രയും വേണ്ടെന്നായിരുന്നു എം ടിയുടെ ആഗ്രഹം. എന്നാൽ മാവൂർ സ്മൃതിപഥത്തിലേക്കുള്ള യാത്ര വിലാപയാത്രയ്ക്ക് തുല്യമായിരുന്നു.
Be the first to comment