ഗവർണറുടെ ചാൻസലർ പദവി മാറ്റാൻ ഓർഡിനൻസ്; തീരുമാനം മന്ത്രിസഭാ യോ​ഗത്തിൽ

കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് നീക്കാന്‍ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ്  ഇറക്കും. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. ഗവര്‍ണര്‍ക്ക് പകരം വിദ്യാഭ്യാസ രംഗത്തെ വിദഗ്ധരെയോ മന്ത്രിമാരെയോ ചാന്‍സലറാക്കാനുള്ള ബദല്‍ നിര്‍ദേശം അടങ്ങുന്ന നിയമനിര്‍മാണമാണ് സര്‍ക്കാര്‍ പരിഗണിക്കുന്നത്.

അടുത്ത മാസം ഇതിനായി നിയമസഭാ സമ്മേളനം ചേരും. ഡിസംബര്‍ 5 മുതല്‍ 15 വരെ സഭാ സമ്മേളനം ചേരാനാണ് ധാരണ. ഓര്‍ഡിനന്‍സ് ഇറക്കിയതോടെ ഇനി ഇതില്‍ ഗവര്‍ണര്‍ ഒപ്പിടുമോ ഇല്ലെയോ എന്നറിഞ്ഞ ശേഷമായിരിക്കും സഭാ സമ്മേളനത്തിന് മന്ത്രിസഭാ യോഗം ശുപാര്‍ശ ചെയ്യുക. നിയമ സര്‍വകലാശാലകള്‍ ഒഴികെ സംസ്ഥാനത്തെ 15 സര്‍വ്വകലാശാലകളുടേയും ചാന്‍സലര്‍ നിലവില്‍ ഗവര്‍ണറാണ്. ഓരോ സര്‍വകലാശാലകളുടേയും നിയമത്തില്‍ ഭേദഗതി കൊണ്ടുവരാന്‍ പ്രത്യേകം പ്രത്യേകം ബില്‍ അവതരിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമം. 

അതേസമയം, ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് നീക്കാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നാലും ഗവര്‍ണര്‍ അതില്‍ ഒപ്പിടണം. ഗവര്‍ണര്‍ ഒപ്പുവെച്ചാല്‍ മാത്രമേ നിയമം പ്രാബല്യത്തില്‍ വരുകയുള്ളു. അവിടെയും ഗവര്‍ണറുടെ നിലപാട് നിര്‍ണായകമാണ്. ലോകായുക്ത, സര്‍വകലാശാല നിയമഭേദഗതി ബില്ലുകളില്‍ ഗവര്‍ണര്‍ ഇതുവരെ ഒപ്പിവെച്ചിട്ടില്ല. സമാനമായ സ്ഥിതി ഈ ബില്ലിലും ഉണ്ടാകുമോയെന്ന ആശങ്ക സര്‍ക്കാരിനുണ്ട്. 

Be the first to comment

Leave a Reply

Your email address will not be published.


*