‘ബൂത്തുകള്‍ നേടിയാല്‍ കേരളം പിടിക്കാം’; തിരഞ്ഞെടുപ്പ് വിജയത്തിന് ആഹ്വാനം ചെയ്ത് മോദി

ബൂത്തുതലത്തില്‍ പാര്‍ട്ടിയുടെ പ്രകടനം മെച്ചപ്പെടുത്താന്‍ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളില്‍ എത്തിക്കണം. വോട്ടര്‍മാരെ ബോധവത്കരിക്കാന്‍ നമോ ആപ്പ് പരമാവധി ഉപയോഗപ്പെടുത്തണം. സോഷ്യല്‍മീഡിയ ഉള്‍പ്പെടെ എല്ലാം പാര്‍ട്ടിയുടെ പ്രചാരണത്തിനായി ഉപയോഗിക്കണമെന്നും പ്രധാനമന്ത്രി ബിജെപി പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു. കൊച്ചി മറൈന്‍ ഡ്രൈവില്‍ ബിജെപി ശക്തി കേന്ദ്ര എന്ന പരിപാടിയില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഓരോ പ്രവര്‍ത്തകരും ബിജെപിയുടെ ശക്തിയാണ്. അടിസ്ഥാന വര്‍ഗത്തിന്റെ വികസനമാണ് മോദി സര്‍ക്കാരിന്റെ ലക്ഷ്യം. മോദി ഗ്യാരന്റി എന്ന മുദ്രാവാക്യം ജനങ്ങളില്‍ എത്തിക്കണം, അതിലൂടെ കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികള്‍ വോട്ടര്‍മാരോട് വിശദീകരിക്കണമെന്നും അദ്ദേഹം പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്ഥിരതയില്ലാത്ത ഒരു സര്‍ക്കാരാണ് രാജ്യം ഭരിച്ചിരിക്കുന്നത്. ഈ സാഹചര്യം മാറി, ഇന്ന് ലോകത്തോടൊപ്പം രാജ്യം വളര്‍ന്നു. രാജ്യത്തിന്റെ ജിഡിപി ഉള്‍പ്പെടെ ഇതിന്റെ തെളിവാണെന്നും അദ്ദേഹം പ്രസംഗത്തില്‍ അവകാശപ്പെട്ടു.

സംസ്ഥാനത്തിനായി 4000 കോടിയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനം നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിച്ചിരുന്നു. കൊച്ചി ഷിപ്പിയാര്‍ഡില്‍ നടന്ന ചടങ്ങിലാണ് മൂന്ന് വന്‍കിട വികസന പദ്ധതികള്‍ പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവര്‍ പങ്കെടുത്ത പരിപാടിയിലായിരുന്നു പദ്ധതികളുടെ ഉദ്ഘാടനം.

കൊച്ചി കപ്പശാലയിലെ പുതിയ ഡ്രൈ ഡോക്ക്, അന്താരാഷ്ട്ര കപ്പല്‍ അറ്റകുറ്റപണി ശാല, ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ എല്‍ പി ജി ഇംപോര്‍ട്ട് ടെര്‍മിനല്‍ എന്നിവയാണ് പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ച പ്രധാന പദ്ധതികള്‍.

Be the first to comment

Leave a Reply

Your email address will not be published.


*