കോട്ടയം ലോക്സഭ സീറ്റില്‍ ഒതുങ്ങില്ല; ഇടുക്കിയും പത്തനംതിട്ടയും ചോദിച്ച് കേരളാകോൺഗ്രസ് (എം)

ലോക്സഭാ തെരഞ്ഞെടുപ്പിൽ കോട്ടയത്തിന് പുറമെ ഇടുക്കിക്കും പത്തനംതിട്ടക്കും കൂടി ആവശ്യമുന്നയിച്ചു കേരളാ കോൺഗ്രസ് (എം) ജോസ് കെ മാണി വിഭാഗം. ഔദ്യോഗികമായല്ലെങ്കിലും അധിക സീറ്റിന്‍റെ   കാര്യം അറിയിക്കേണ്ടവരെ അറിയിച്ചിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം കോട്ടയത്ത് നടന്ന സ്റ്റിയറിംഗ് കമ്മിറ്റിയിൽ ജോസ് കെ മാണി വ്യക്തമാക്കിയിരുന്നു. അതിനിടെ കോട്ടയത്ത് സിറ്റിംഗ് എംപിയെ മാറ്റി പകരം ആളെ ഇറക്കണമെന്ന ആവശ്യം പാര്‍ട്ടിക്കകത്തും ഉയര്‍ന്ന് തുടങ്ങിയിട്ടുണ്ട്. 

തദ്ദേശ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും കഴിഞ്ഞ്  ലോക്സഭയിലേക്ക് എത്തുമ്പോൾ ഇനി  അവകാശം ചോദിച്ച് വാങ്ങാൻ കെൽപ്പായെന്ന വിലയിരുത്തലിലാണ് കേരള കോൺഗ്രസിലിപ്പോൾ. നിലവിലുള്ളത് കോട്ടയം മാത്രം. ഇടുക്കിയും പത്തനംതിട്ടയും കൂടി ചോദിച്ച് രണ്ടിലൊന്നെങ്കിലും വാങ്ങിയെടുക്കാനുറപ്പിച്ചാണ് കരുനീക്കങ്ങൾ. പത്തനംതിട്ട പാര്‍ലമെന്‍റ്  പരിധിയിൽ മാത്രം മൂന്ന് എംഎൽഎമാര്‍ കേരളാ കോൺഗ്രസിനുണ്ട്. കാഞ്ഞിരപ്പള്ളിയും റാന്നിയും പൂഞ്ഞാറും ഒപ്പം ഇടത് സ്വാധീന മേഖലയായ ആറൻമുളയും അടക്കം പ്രദേശത്തിന്‍റെ ആകെ പരിതസ്ഥിതി കൂടി കണക്കിലെടുത്താൽ സീറ്റ് കേരളാ കോൺഗ്രസിനല്ലാതെ മറ്റാര്‍ക്കെന്നാണ് ചോദ്യം.

ഇടുക്കിയിൽ കേരളകോൺഗ്രസ് പ്രതിനിധി റോഷി അഗസ്റ്റിൻ മന്ത്രിയാണ്. മറ്റ് നിയമസഭാ മണ്ഡലങ്ങൾ ഇടതുമുന്നണിയുടെ കയ്യിലും. തൊടുപുഴയിലടക്കം കേരളാ കോൺഗ്രസിന് ആഴത്തിൽ വേരോട്ടമുള്ള ഹൈറേഞ്ച് യുഡിഎഫിലായിരുന്ന കാലത്തേ മാണി കോൺഗ്രസിന് നോട്ടമുള്ളതാണ്.  യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡീൻ കുര്യാക്കോസിനോട് ഒരുലക്ഷത്തോളം വോട്ടിന് തോറ്റ ഇടത് സ്വതന്ത്രനേക്കാൾ എന്തുകൊണ്ടും മികച്ച സാധ്യത കേരള കോൺഗ്രസിന്  ഉണ്ടെന്നാണ് പാര്‍ട്ടിക്കകത്ത് ഉയരുന്ന വാദം.

Be the first to comment

Leave a Reply

Your email address will not be published.


*