ലോക്സഭാ തിരഞ്ഞെടുപ്പ് തോൽവി ചർച്ച ചെയ്യാൻ കേരള കോൺഗ്രസ് (എം)

കോട്ടയം • പാലായിലെ നവകേരള സദസ്സിൽ മുഖ്യമന്ത്രി പിണറായി വിജയൻ പരസ്യമായി ശാസിച്ചതു ലോക്സഭാ തിരഞ്ഞെടുപ്പിൽ തോമസ് ചാഴികാടന്റെ പരാജയത്തിനു വഴിവച്ചെന്ന സിപിഎം ജില്ലാ കമ്മിറ്റിയുടെ വിലയിരുത്തൽ ചർച്ച ചെയ്യാൻ 12ന് കേരള കോൺഗ്രസ് (എം) അടിയന്തര നേതൃയോഗം വിളിക്കുന്നു. കോട്ടയം പാർലമെന്റ് മണ്ഡലത്തിലെ സിപിഎം വോട്ടുകൾ ബിഡിജെഎസ് സ്ഥാനാർഥിക്കു ലഭിച്ചേക്കുമെന്ന് വോട്ടെടുപ്പിനു മുൻപ് അറിഞ്ഞിട്ടും തടയാൻ കഴിഞ്ഞില്ലെന്നും പാർട്ടിക്കു മുൻതൂക്കമുള്ള പഞ്ചായത്തുകളിൽ പോലും ബിഡിജെഎസാണു മുന്നിൽ വന്നതെന്നും ജില്ലാ കമ്മിറ്റി യോഗത്തിൽ വിലയിരുത്തലുണ്ടായിരുന്നു. ഇതോടെ കോട്ടയം മണ്ഡലത്തിലെ തിരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ പ്രവർത്തനവും സ്വന്തം പാർട്ടിയുടെ പ്രവർത്തനവും വിലയിരുത്താനും കേരള കോൺഗ്രസ് (എം) തീരുമാനിച്ചു.

സ്വന്തം ബൂത്തുകളിലേത് ഉൾപ്പെടെയുള്ള വോട്ടിങ് നിലയുമായി അവലോകനത്തിന് എത്താനാണ് നേതാക്കൾക്ക് കേരള കോൺഗ്രസ് (എം) നൽകിയ നിർദേശം.മണ്ഡലം പ്രസിഡന്റുമാരും ജില്ലാ ഭാരവാഹികളും യോഗത്തിൽ പങ്കെടുക്കും. അടുത്ത തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ഒരുക്കവും ചർച്ചയാകും. തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കു കഴിഞ്ഞ തവണ മത്സരിച്ച സീറ്റുകളുടെയും ഇത്തവണ മത്സരിക്കാൻ ഉദ്ദേശിക്കുന്ന സീറ്റുകളുടെയും എണ്ണവും വിജയസാധ്യതയുള്ളവരുടെ പേരും തയാറാക്കാൻ മണ്ഡലം പ്രസിഡന്റുമാർക്ക് നിർദേശം നൽകി.

ഘടകകക്ഷികളുമായി പ്രാദേശികതലത്തിൽ അഭിപ്രായഭിന്നതയോ തർക്കങ്ങളോ നിലനിൽക്കുന്നുണ്ടെങ്കിൽ അറിയിക്കാനും നിർദേശമുണ്ട്.തോമസ് ചാഴികാടനെ മുഖ്യമന്ത്രി ശാസിച്ചതു തിരഞ്ഞെടുപ്പ് ഫലത്തെ ബാധിച്ചെന്ന് സിപിഎം കോട്ടയം ജില്ലാ കമ്മിറ്റിയിൽ തന്നെ വിമർശനം ഉയർന്ന സാഹചര്യത്തിലും ഇടതുമുന്നണിയിലെ വോട്ട് ചോർച്ച സംബന്ധിച്ചും ഗൗരവമായ ചർച്ച നടത്തിയില്ലെങ്കിൽ പാർട്ടി നേതാക്കളുടെ ആത്മവിശ്വാസം ചോർന്നേക്കാമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് അടിയന്തര യോഗം. ജില്ലാ പ്രസിഡന്റ് ലോപ്പസ് മാത്യുവിന്റെ അധ്യക്ഷതയിൽ 12നു വൈകിട്ട് മൂന്നിനാണ് യോഗം. പാർട്ടി ചെയർമാൻ ജോസ് കെ. മാണി പങ്കെടുക്കും.

Be the first to comment

Leave a Reply

Your email address will not be published.


*