ആറ് ടീമുകള്‍, 168 താരങ്ങള്‍ പട്ടികയില്‍; കേരള ക്രിക്കറ്റ് ലീഗ് താരലേലം ഇന്ന്

തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷന്റെ(കെസിഎ) കേരള ക്രിക്കറ്റ് ലീഗിന്റെ താരലേലം ഇന്ന്. 168 കളിക്കാരെയാണ് ലേലത്തിനായി രജിസ്റ്റര്‍ചെയ്തിട്ടുള്ളത്. ഓരോ ഫ്രാഞ്ചൈസിക്കും 20 കളിക്കാരെ ടീമിലെടുക്കാം. രാവിലെ പത്തുമണിയോടെ ലേല നടപടികള്‍ ആരംഭിച്ചു.

സംവിധായകന്‍ പ്രിയദര്‍ശനും ജോസ് തോമസ് പട്ടാറയും ചേര്‍ന്നുള്ള ട്രിവാന്‍ഡ്രം റോയല്‍സ്, ചലച്ചിത്ര നിര്‍മാതാവും സംവിധായകനുമായ സോഹന്‍ റോയിയുടെ ഏരീസ് ഗ്രൂപ്പിന്റെ കൊല്ലം സെയ്ലേഴ്‌സ്, കണ്‍സോള്‍ ഷിപ്പിംഗ് സര്‍വിസസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ആലപ്പി റിപ്പിള്‍സ്, എനിഗ്മാറ്റിക് സ്‌മൈല്‍ റിവാര്‍ഡ്‌സിന്റെ കൊച്ചി ബ്ലൂ ടൈഗേഴ്‌സ്, ഫൈനസ് മാര്‍ക്കറ്റ് ലിങ്ക് പ്രൈവറ്റ് ലിമിറ്റഡിന്റെ തൃശൂര്‍ ടൈറ്റന്‍സ്, ഇ.കെ.കെ ഇന്‍ഫ്രാസ്‌ട്രെക്ചര്‍ ലിമിറ്റഡിന്റെ കാലിക്കട്ട് ഗ്ലോബ്‌സ്റ്റേഴ്‌സ് ടീമിന്റെ ഫ്രാഞ്ചൈസികളാണ് ലേലത്തില്‍ പങ്കെടുക്കുന്നത്.

പി.എ. അബ്ദുല്‍ ബാസിതിനെ ട്രിവാന്‍ഡ്രം റോയല്‍സിന്റെയും സച്ചിന്‍ ബേബിയെ ഏരീസ് കൊല്ലം സെയ്ലേഴ്‌സിന്റെയും മുഹമ്മദ് അസറുദ്ദീനെ ആലപ്പി റിപ്പിള്‍സിന്റെയും ബേസില്‍ തമ്പി കൊച്ചി ബ്ലൂ ടൈഗേഴ്‌സിന്റെയും വിഷ്ണു വിനോദ് തൃശൂര്‍ ടൈറ്റന്‍സിന്റെയും റോഹന്‍ കുന്നമ്മല്‍ കാലിക്കട്ട് ഗ്ലോബ്‌സ്റ്റേഴ്‌സിന്റെയും ഐക്കണ്‍ കളിക്കാരായി നേരത്തെ തെരഞ്ഞെടുത്തിരുന്നു. ഓരോ ഫ്രാഞ്ചൈസിക്കും താരങ്ങളെ വാങ്ങാന്‍ 35 ലക്ഷമാണ് അനുവദിച്ചിരിക്കുന്നത്. ഈ തുകയില്‍ നിന്നുകൊണ്ട് 20 താരങ്ങളെയാണ് ഓരോ ടീമും സ്വന്തമാക്കേണ്ടത്. സ്റ്റാര്‍ സ്‌പോര്‍ട്‌സ് ത്രീയിലും ഒ.ടി.ടി പ്ലാറ്റ്‌ഫോമായ ഫാന്‍ കോഡിലും കളിക്കാരുടെ ലേലം തല്‍സമയം സംപ്രേഷണം ചെയ്യും.

ലീഗിന്റെ ലോഗോ പ്രദര്‍ശനച്ചടങ്ങ് ഇന്ത്യന്‍ താരം സഞ്ജു സാംസണ്‍ ഉദ്ഘാടനംചെയ്തു. ആറ് ഫ്രാഞ്ചൈസി ടീമുകളുടെ ലോഗോയും പ്രദര്‍ശിപ്പിച്ചു. അടുത്തമാസം രണ്ടുമുതല്‍ 19 വരെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ നടക്കുന്നത്.

 

Be the first to comment

Leave a Reply

Your email address will not be published.


*