
കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡ് ഉയരത്തില്‍ നിന്ന് തിരിച്ചിറങ്ങി സ്വര്‍ണവില. ഇന്ന് പവന് 200 രൂപ കുറഞ്ഞതോടെ ഇന്നലെ രേഖപ്പെടുത്തിയ 64,600 എന്ന പുതിയ ഉയരത്തില്‍ നിന്ന് 64,400ലേക്കാണ് സ്വര്‍ണവില താഴ്ന്നത്. ഇന്നലെ പവന് 160 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡ് ഇട്ടത്.
ഇന്ന് ഗ്രാമിന് 25 രൂപയാണ് കുറഞ്ഞത്. 8050 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ വ്യാഴാഴ്ചത്തെ സ്വര്‍ണവിലയുടെ സര്‍വകാല റെക്കോര്‍ഡ് ആണ് ഇന്നലെ ഭേദിച്ചത്. അടുത്ത ദിവസം തന്നെ 65,000 എന്ന സൈക്കോളജിക്കല്‍ ലെവലും കടന്ന് സ്വര്‍ണവില കുതിക്കുമെന്ന സൂചനയ്ക്കിടെയാണ് ഇന്ന് സ്വര്‍ണവില കുറഞ്ഞത്.
കഴിഞ്ഞ മാസം 22നാണ് പവന്‍ വില ചരിത്രത്തില്‍ ആദ്യമായി അറുപതിനായിരം കടന്നത്. ദിവസങ്ങള്‍ കൊണ്ടുതന്നെ 64,000 കടന്ന് സ്വര്‍ണവില കുതിക്കുന്നതാണ് പിന്നീട് കണ്ടത്. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുന്നത്. അമേരിക്കയില്‍ ഡൊണള്‍ഡ് ട്രംപ് അധികാരമേറ്റതിനു പിന്നാലെ ധന വിപണിയില്‍ ഉണ്ടായ അനിശ്ചിതത്വം സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിന് പ്രിയം കൂട്ടിയിട്ടുണ്ട്. കൂടാതെ ഓഹരി വിപണിയില്‍ ഉണ്ടാകുന്ന ചലനങ്ങളും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്.
Be the first to comment