ദേശീയതലത്തിലെ പ്രതിപക്ഷ നേതാക്കളുടെ സംഗമവേദിയായി ജന്തർമന്തറിലെ കേരളസമരം

പ്രതിപക്ഷ നേതാക്കളുടെ സംഗമവേദിയായി കേരള സർക്കാരിന്റെ ഡൽഹിയിലെ കേന്ദ്ര സർക്കാർ വിരുദ്ധ സമരം. ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാൾ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ, നാഷണൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുള്ള, തമിഴ്‌നാട് സർക്കാരിനെ പ്രതിനിധീകരിച്ച് ഐ ടി മന്ത്രി പളനിവേൽ ത്യാഗരാജൻ, സമാജ് വാദി പാര്‍ട്ടി രാജ്യസഭ എംപി കപില്‍ സിബല്‍ എന്നിവർ നേരിട്ടെത്തി ഐക്യദാർഢ്യം അറിയിച്ചു. പ്രധാന പ്രതിപക്ഷ നേതാക്കളിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി മാത്രമാണ് വിട്ടുനിന്നത്.

കേന്ദ്രത്തിനെതിരായ കേരളത്തിന്റെ സമരവേദിയിൽ അവശനെങ്കിലും ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും പാർലമെന്റ് അംഗവുമായ ഫറൂഖ് അബ്ദുള്ളയും എത്തിയിരുന്നു. ഫെഡറലിസം സംരക്ഷിക്കാനും സംസ്ഥാന അവകാശങ്ങൾ നേടിയെടുക്കാനും വേണ്ടിയാണ് ജന്തർ മന്തറിലെ സമരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പ്രതിപക്ഷ ഐക്യത്തിൻ്റെ ആവശ്യം ഫറൂഖ് അബ്ദുള്ളയും ആവർത്തിച്ചു. 

സംസ്ഥാനത്തിനുണ്ടായ നഷ്ടം കേന്ദ്രസർക്കാർ നികത്തണമെന്ന് ആവശ്യപ്പെട്ട് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ജന്തർ മന്തറിൽ പ്രതിഷേധം നടത്തിയിരുന്നു. പലരും ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നെങ്കിലും പ്രതിപക്ഷ നേതാക്കൾ നേരിട്ടെത്തിയിരുന്നില്ല. അവിടെയാണ് കേരള സർക്കാരിന്റെ സമരം കൂടുതൽ പ്രസക്തമായത്. ദേശീയ നേതാക്കളുടെ പങ്കാളിത്തം കേരളത്തിലെ പ്രതിപക്ഷത്തിന് വലിയ ക്ഷീണമാണ് ഉണ്ടാക്കിയിരിക്കുന്നത്. 

അതേസമയം, കേരളത്തിലെ കോൺഗ്രസ് സമരത്തിൽനിന്ന് വിട്ടുനിൽക്കുകയാണ്. തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടക്കുന്ന സമരം മാത്രമാണ് ഇടതുപക്ഷത്തിന്റേത് എന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വ്യാഴാഴ്ച അഭിപ്രായപ്പെട്ടത്. സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം ഇടതുപക്ഷ സർക്കാരിന്റെ ധൂർത്തും കെടുകാര്യസ്ഥതയുമാണെന്നാണ് വി ഡി സതീശൻ പറയുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*