കൊച്ചി: കൊച്ചിയിൽ ഗസ്റ്റ് ഹൗസിലായിരുന്നു രണ്ട് മാധ്യമങ്ങളെ വിലക്കിയുള്ള ഗവർണറുടെ വാർത്താസമ്മേളനം. ഗവർണറുടെ ഓഫിസിന്‍റെ അറിയിപ്പ് അനുസരിച്ച് എത്തിയ മീഡിയ വണ്ണിനേയും കൈരളി ചാനലിനേയുമാണ് ഗവർണർ വിലക്കിയത്.
മീഡിയ വണ്ണും കൈരളി ചാനലും ഉണ്ടോ എന്നും ഉണ്ടെങ്കിൽ താൻ സംസാരിക്കാതെ പോകുമെന്നും ഗവർണർ പറഞ്ഞു. ഈ ചാനലുകളുടെ പ്രതിനിധികൾ ഉണ്ടെങ്കിൽ പുറത്തുപോകണമെന്ന് ആദ്യം പറഞ്ഞ ഗവർണർ പിന്നീട് പലവട്ടം ഗെറ്റ് ഔട്ട് ഫ്രം ഹിയർ പറഞ്ഞു. വസ്തുതാപരമല്ലാത്ത കാര്യങ്ങൾ ഉന്നയിച്ച് കൈരളി ചാനലും മീഡിയ വണ്ണും തനിക്കെതിരെ നിരന്തരമായി ക്യാംപെയ്ൻ ചെയ്യുകയാണെന്നായിരുന്നു ഗവർണറുടെ ആരോപണം.കഴിഞ്ഞ 25 ദിവസമായി ഇത് തുടരുകയാണ്. അതുകൊണ്ട് ആ മാധ്യമങ്ങളോട് എന്തുവന്നാലും സംസാരിക്കില്ലെന്നും ഗവർണർ പറഞ്ഞു.
ഗവർണറുടെ നിലപാട് തെറ്റാണെന്നും, തിരുത്തണമെന്നും പത്രപ്രവർത്തക യൂണിയൻ വ്യക്തമാക്കി. ജനാധിപത്യ സംവിധാനത്തിന് യോജിച്ചതല്ല. സർക്കാർ ഗവർണർ തർക്കം ഉണ്ടാകാം. അതിൽ മാധ്യമ പ്രവർത്തകരെ ഇടപെടുത്തേണ്ട കാര്യമില്ല. മാധ്യമങ്ങൾ അവരുടെ ജോലി ആണ് ചെയ്യുന്നത്. ഗവർണറുടെ നിലപാട് തിരുത്തണമെന്ന് രേഖാമൂലം ആവശ്യപ്പെടുമെന്നും പത്രപ്രവർത്തക യൂണിയൻ വ്യക്തമാക്കി.
Be the first to comment