ആരോഗ്യമന്ത്രിയുടെ ഓഫീസിലെ നിയമന കോഴ; 4 പ്രതികൾ, കുറ്റപത്രം സമർപ്പിച്ചു

ആരോഗ്യമന്ത്രി വീണ ജോർജിന്റെ പി.എയുടെ പേര് ഉപയോഗിച്ചുള്ള നിയമനത്തട്ടിപ്പില്‍ രാഷ്ട്രീയ ഗൂഢാലോചന തള്ളി പൊലീസിന്റെ കുറ്റപത്രം. സാമ്പത്തികലാഭം ലക്ഷ്യമിട്ട് മുന്‍ എ.ഐ.എസ്.എഫ് നേതാവ് കെ.പി.ബാസിതും പത്തനംതിട്ടയിലെ സി.ഐ.ടി.യു ഓഫീസ് സെക്രട്ടറിയായിരുന്ന അഖില്‍ സജീവും ചേര്‍ന്ന് നടത്തിയ തട്ടിപ്പ് മാത്രമെന്ന് പോലീസ്.  ആരോഗ്യമന്ത്രിയുടെ ഓഫീസിന് തട്ടിപ്പില്‍ പങ്കില്ലെന്നും സ്ഥിരീകരിച്ചാണ് കുറ്റപത്രം നല്‍കിയത്.

മകന്റെ ഭാര്യയുടെ ജോലിക്കായി മന്ത്രി വീണാ ജോര്‍ജിന്റെ പി.എയ്ക്ക് കോഴ നല്‍കിയെന്ന മലപ്പുറംകാരന്‍ ഹരിദാസന്റെ ആരോപണമായിരുന്നു കേസിൻ്റെ ന്റെ തുടക്കം. ഹരിദാസന്‍ സെക്രട്ടേറിയറ്റിലെത്തുന്ന ദൃശ്യങ്ങളും പുറത്തുവന്നതോടെ മന്ത്രിയുടെ രാജി ആവശ്യം ശക്തമായി. എന്നാൽ പണം നല്‍കിയിട്ടില്ലെന്ന് ഹരിദാസന്‍ തന്നെ മൊഴി തിരുത്തി. 

കൻ്റോൺമെൻ്റ് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ   വീണാ ജോര്‍ജിനും പി.എ അഖില്‍ മാത്യുവിനും ക്ളീന്‍ചീറ്റ് നല്‍കിയാണ്  കുറ്റപത്രം. ഹരിദാസന്റെ സുഹൃത്തായ മുന്‍ എ.ഐ.എസ്.എഫ് നേതാവ് കെ.പി.ബാസിത്, സുഹൃത്തുക്കളായ ലെനിന്‍ രാജ്, റയീസ്, പത്തനംതിട്ടയിലെ സി.ഐ.ടി.യു ഓഫീസ് സെക്രട്ടറിയായിരുന്ന അഖില്‍ സജീവ് എന്നിവര്‍ മാത്രമാണ് പ്രതികള്‍. ആരോഗ്യമന്ത്രിയുടെ പി.എയ്ക്ക് കൊടുക്കാനെന്ന പേരില്‍ ബാസിത് 1 ലക്ഷവും ലെനിന്‍ അമ്പതിനായിരവും അഖില്‍ സജീവ് ഇരുപത്തയ്യായിരവും  തട്ടിയെടുത്തു. ആരോപണത്തിന് പിന്നില്‍ ഗൂഡാലോചനയെന്നായിരുന്നു തുടക്കം മുതല്‍ മന്ത്രിയുടെ വാദം.

ഹരിദാസനില്‍ നിന്ന് പണം തട്ടാന്‍ പ്രതികള്‍ നടത്തിയ ഗൂഢാലോചനക്ക് അപ്പുറം രാഷ്ട്രീയ നേതാക്കളടക്കം മറ്റാര്‍ക്കും പങ്കില്ലെന്ന് സ്ഥിരീകരിച്ച പോലീസ് മന്ത്രിയുടെ വാദവും കുറ്റപത്രത്തില്‍ തള്ളിക്കളഞ്ഞു.

 

 

 

 

Be the first to comment

Leave a Reply

Your email address will not be published.


*