‘മതവിദ്വേഷം’ ഗുരുതര കുറ്റകൃത്യമായി പരിഗണിക്കണം; ഹൈക്കോടതി

മതവിദ്വേഷം ഗുരുതര കുറ്റകൃത്യമായി പരിഗണിക്കണമെന്ന് ഹൈക്കോടതി. ബിജെപി നേതാവ് പി സി ജോർജിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവെയായിരുന്നു ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്റെ ബെഞ്ചിന്റെ വാക്കാൽ പരാമർശം. മതവിദ്വേഷ പരാമര്‍ശ കുറ്റത്തിനുള്ള ശിക്ഷ വര്‍ദ്ധിപ്പിക്കണം.

നിലവില്‍ പരമാവധി 3 വര്‍ഷം വരെ തടവ് മാത്രമാണ് ശിക്ഷ. പുതിയ ക്രിമിനല്‍ നിയമത്തിലും ശിക്ഷ വര്‍ദ്ധിപ്പിച്ചിട്ടില്ല. കുറ്റകൃത്യത്തിനുള്ള ശിക്ഷ വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെടുക്കണം. മതവിദ്വേഷ പരാമര്‍ശ കുറ്റത്തിന് പിഴയടച്ച് രക്ഷപെടാന്‍ അവസരമുണ്ട്. എന്നാൽ ഈ കുറ്റത്തിന് നിര്‍ബന്ധമായും ജയില്‍ ശിക്ഷ ഉറപ്പുവരുത്തണമെന്നും ഇതൊരു മതേതര രാജ്യമാണെന്നും ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി.

ജനുവരിയിൽ നടന്ന ചാനൽ ചർച്ചയിലായിരുന്നു പി സി ജോർജ് മുസ്‌ലിം വിരുദ്ധ പരാമർശം നടത്തിയത്. തുടർന്ന് പി സി ജോർജിനെതിരെ മതസ്പർദ്ധ വളർത്തൽ, കലാപാഹ്വാനം തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി ഈരാറ്റുപേട്ട പൊലീസ് കേസെടുക്കുകയായിരുന്നു. അതേസമയം, തൻ്റെ പരാമർശം ഒരബദ്ധമായിരുന്നുവെന്നും, ഉടൻതന്നെ മാപ്പ് പറഞ്ഞെന്നും പി സി ജോർജ് പ്രതികരിച്ചിരുന്നു.

 

 

Be the first to comment

Leave a Reply

Your email address will not be published.


*