
കണ്ണൂര്‍: മുനമ്പം ഭൂമി വിഷയത്തില്‍ ഇനി തീരുമാനം കോടതിയുടേതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. സര്‍ക്കാര്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ച നടപടി ഹൈക്കോടതി റദ്ദാക്കിയതിന് പിന്നാലെയാണ് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം.
മുനമ്പത്ത് ഇനി എന്താണ് വേണ്ടതെന്ന് ഹൈക്കോടതി പറയട്ടെയെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കണ്ണൂരില്‍ പ്രതികരിച്ചു. സര്‍ക്കാര്‍ നിയമിച്ച ജുഡീഷ്യല്‍ കമ്മീഷന് നിയമസാധുതയില്ലെന്ന് കോടതിയാണല്ലോ പറഞ്ഞത്. തുടര്‍ന്നുള്ള കാര്യങ്ങളും കോടതി തന്നെ തീരുമാനിക്കട്ടെ. ഉത്തരവിട്ട കോടതിയില്‍ തന്നെയല്ലേ അപ്പീല്‍ പോകേണ്ടത് എന്നും എം വി ഗോവിന്ദന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. കമ്മീഷന്‍ നിയമനം റദ്ദാക്കിയതില്‍ അപ്പീലിന് പോകില്ലെന്ന സൂചന കൂടിയാണ് എം വി ഗോവിന്ദര്‍ നല്‍കുന്നത്.
മുനമ്പം ഭൂമി പ്രശ്‌നത്തില്‍ സര്‍ക്കാര്‍ നിയോഗിച്ച ജുഡീഷ്യല്‍ കമ്മീഷന്റെ നിയമസാധുത ചോദ്യം ചെയ്ത് വഖഫ് സംരക്ഷണ വേദി നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ ബെഞ്ച് നടപടി റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. സര്‍ക്കാരിന് ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കാന്‍ വിവേചനാധികാരമുണ്ട്. എന്നാല്‍ മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന് നേരത്തെ സിവില്‍ കോടതികള്‍ കണ്ടെത്തിയിട്ടുള്ളതാണ്. ഒപ്പം വഖഫ് ട്രൈബ്യൂണലിന്റെ പരിഗണനയിലിരിക്കുന്ന കേസുമാണ്. വഖഫ് ഭൂമിയില്‍ വഖഫ് ബോര്‍ഡും വഖഫ് ട്രൈബ്യൂണലുമാണ് അന്തിമ തീരുമാനമെടുക്കേണ്ടത്. അതില്‍ ബാഹ്യ ഇടപെടല്‍ അനുവദിക്കാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
ജുഡീഷ്യല്‍ കമ്മീഷന്‍ നിയമനത്തില്‍ സര്‍ക്കാര്‍ നിയമപരമായ സാധുത പരിശോധിച്ചില്ല. സര്‍ക്കാര്‍ യാന്ത്രികമായി പ്രവര്‍ത്തിച്ചു. ജുഡീഷ്യല്‍ കമ്മീഷന്‍ നിയമനത്തില്‍ പൊതുജന താല്‍പര്യമില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. ഹൈക്കോടതി റിട്ടയേര്‍ഡ് ജഡ്ജി ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായരെയാണ് മുനമ്പം ജുഡീഷ്യല്‍ കമ്മീഷനായി സര്‍ക്കാര്‍ നിയമിച്ചിരുന്നത്.
Be the first to comment