മുഖ്യമന്ത്രി വേട്ടക്കാര്‍ക്കൊപ്പമോ ഇരകള്‍ക്കൊപ്പമോ? വഖഫ് ഭേദഗതിക്കെതിരെയുള്ള പ്രമേയത്തില്‍ മാപ്പ് പറയണം: കെ സുരേന്ദ്രന്‍

കല്‍പ്പറ്റ: മുനമ്പം വഖഫ് അധിനിവേശത്തില്‍ മുഖ്യമന്ത്രി ചര്‍ച്ച നടത്താന്‍ തയ്യാറായത് കൂടുതല്‍ സ്ഥലങ്ങളിലേക്ക് അധിനിവേശം വ്യാപിക്കുന്നതുകൊണ്ടാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. തെരഞ്ഞെടുപ്പ് മുമ്പില്‍ കണ്ട് ആളുകളുടെ കണ്ണില്‍ പൊടിയിടാനുള്ള തന്ത്രങ്ങള്‍ മാത്രമാണ് മുഖ്യമന്ത്രി നടത്തുന്നതെന്നും ചേലക്കരയില്‍ മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

കേരളത്തിന്റെ പൊതുവികാരം ആയി പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാരിന്റെ വഖഫ് ഭേദഗതി നിയമത്തിനെതിരെ നിയമസഭയില്‍ പ്രമേയം പാസാക്കിയതിന് മുഖ്യമന്ത്രി മാപ്പ് പറയണം. ഓരോ ദിവസവും പുതിയ പുതിയ അധിനിവേശങ്ങളാണ് ഉണ്ടാവുന്നത്. ജനങ്ങള്‍ ഭീതിയിലാണ്. എന്തുകൊണ്ടാണ് ഇത്രയും ദിവസം മുനമ്പം വിഷയത്തില്‍ മുഖ്യമന്ത്രി പ്രതികരിക്കാതിരുന്നതെന്ന് അദ്ദേഹം വ്യക്തമാക്കണം. വേട്ടക്കാരുടെ കൂടെയാണോ അതോ ഇരകളുടെ കൂടെയാണോ എന്ന് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം. വഖഫ് ബോര്‍ഡിനെ നിയന്ത്രിക്കുന്നത് സര്‍ക്കാരാണെന്ന് വ്യക്തമായിരിക്കുന്നു. പ്രതിപക്ഷവും ഭരണപക്ഷവും വഖഫ് ബോര്‍ഡിനൊപ്പമാണ്. എന്‍ഡിഎ മാത്രമാണ് ജനങ്ങളുടെ ഒപ്പം നില്‍ക്കുന്നത്.

കേരളത്തെ ആശങ്കയിലാക്കിക്കൊണ്ട് കൂടുതല്‍ കൂടുതല്‍ സ്ഥലങ്ങളിലേക്ക് വഖഫിന്റെ ഭീഷണി ഉയര്‍ന്നുവന്നിരിക്കുകയാണ്. വയനാട്ടിലെ മാനന്തവാടിയില്‍ 5.6 ഏക്കര്‍ സ്ഥലത്ത് അവര്‍ അവകാശവാദം ഉന്നയിച്ചത് ഇതിന്റെ തെളിവാണ്. പ്രിയങ്ക ഗാന്ധി മത്സരിക്കുന്ന വയനാട്ടില്‍ ഇത്തരമൊരു അധിനിവേശം വന്നിട്ടും യുഡിഎഫോ എല്‍ഡിഎഫോ നിലപാട് വ്യക്തമാക്കുന്നില്ല. ചേലക്കരയിലും പാലക്കാട്ടും വഖഫിന്റെ ഭീഷണി ഉയര്‍ന്നു കഴിഞ്ഞു. ഭരണപക്ഷത്തിന്റെയും പ്രതിപക്ഷത്തിന്റെയും പിന്തുണയോടുകൂടിയാണ് വഖഫ് ഈ അധിനിവേശം നടത്തുന്നത്. വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ പരിണിതഫലമാണ് കേരളം ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. പാലക്കാട് എന്‍ഡിഎ ആധികാരിക വിജയം നേടും. ചേലക്കരയില്‍ അട്ടിമറി വിജയം നേടുകയും വയനാട്ടില്‍ ചരിത്ര മുന്നേറ്റമുണ്ടാക്കുകയും ചെയ്യുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*