മോഹിനിയാട്ട പഠനത്തിന് ആണ്‍കുട്ടികള്‍ക്കും ഇനി കലാമണ്ഡലത്തില്‍ പ്രവേശനം

തൃശ്ശൂർ: മോഹിനിയാട്ട പഠനത്തിനായി ആണ്‍കുട്ടികള്‍ക്കും പ്രവേശനം നല്‍കാന്‍ കേരള കലാമണ്ഡലം തീരുമാനിച്ചു. കലാമണ്ഡലം ആസ്ഥാനത്ത് ചേര്‍ന്ന ഭരണ സമിതി യോഗത്തിലാണ് തീരുമാനം. കലാമണ്ഡലം വൈസ് ചാന്‍സലര്‍ അനന്തകൃഷ്ണന്‍, കലാമണ്ഡലം ഗോപി എന്നിവരുള്‍പ്പെടെയുള്ള പത്തംഗ ഭരണസമിതിയാണ് തീരുമാനമെടുത്തത്.

കഴിഞ്ഞ ദിവസം നര്‍ത്തകി സത്യഭാമ നടത്തിയ പരാമര്‍ശങ്ങളെത്തുടര്‍ന്നുണ്ടായ വിവാദങ്ങളുടെയും വിവിധ മേഖലകളില്‍ നിന്നുള്ള നിരന്തര ആവശ്യത്തിൻ്റെയും പശ്ചാത്തലത്തിലാണ് മോഹിനിയാട്ടത്തിന് ആണ്‍കുട്ടികളുടെ പ്രവേശനം എന്ന തീരുമാനത്തിലേക്ക് ഭരണ സമിതി എത്തിയത്.

കലാമണ്ഡലത്തിന് അധിക ബാധ്യത ഇല്ലാതെയാണ് പുതിയ സംവിധാനം നിലവില്‍ വരിക. തീരുമാനം നടപ്പാക്കുന്നതിൻ്റെ മുന്നോടിയായി കമ്മറ്റിക്ക് രൂപം നല്‍കി. എട്ടു മുതല്‍ പിജി വരെ മോഹിനിയാട്ടം പഠിക്കാനുള്ള അവസരം നിലവില്‍ കലാമണ്ഡലത്തിലുണ്ട്. തീരുമാനം നടപ്പാക്കും മുമ്പ് നിരവധി കടമ്പകള്‍ കടക്കാനുണ്ട് കലാമണ്ഡലത്തിന്. കരിക്കുലം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വിശദമായ ചര്‍ച്ചകള്‍ വേണമെന്ന് കലാമണ്ഡലം അധികൃതര്‍ അറിയിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*