തിരുവനന്തപുരം: കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം ആർ ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ്സ്ലോഞ്ചിലും നിയമസഭാ വളപ്പിൽ തന്നെ സജ്ജീകരിച്ചിരിക്കുന്ന മറ്റ് മൂന്നുവേദികളിലുമായി നടക്കും. നവംബർ ഒന്നുമുതൽ ഏഴുവരെയാണ് പുസ്കതോത്സവം.
പുസ്തകോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിയമസഭയിലെ ആർ. ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ്ലോഞ്ചിൽ നാളെ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. സമഗ്ര സംഭാവനയ്ക്കുള്ള ഇത്തവണത്തെ’നിയമസഭാ അവാർഡ് പ്രശസ്ത എഴുത്തുകാരനും ജ്ഞാനപീഠ, കേരള ജ്യോതി പുരസ്കാര ജേതാവുമായ പത്മഭൂഷൺ എം.ടി വാസുദേവൻ നായർക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ചടങ്ങിൽ സമ്മാനിക്കും.
240 പുസ്തക പ്രകാശനങ്ങൾ, 30 പുസ്തക ചർച്ചകൾ, മന്ത്രിമാരും സാഹിത്യ സാമൂഹിക സാംസ്കാരികനായകന്മാരുമുൾപ്പെടെ പങ്കെടുക്കുന്ന പാനൽ ചർച്ചകൾ, ദേശീയ അന്തർദേശീയ വ്യക്തിത്വങ്ങളെ സഹകരിപ്പിച്ചുകൊണ്ടുള്ള ‘മീറ്റ് ദി ഓതർ’, ‘എന്റെ എഴുത്തിന്റെയും വായനയുടെയും ലോകം’ തുടങ്ങിയ പരിപാടികൾ പുസ്തകോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. കൂടാതെ കെഎൽഐബിഎഫ് ടോക്ക്സ്, സ്മൃതിസന്ധ്യ, കവിയരങ്ങ്, കവിയും ജീവിതവും, കെഎൽഐബിഎഫ് ഡയലോഗ്സ്, അക്ഷരശ്ലോക സദസ് തുടങ്ങിയപരിപാടികളും നടക്കും.
ആദ്യ ദിനത്തിൽ വൈകിട്ട് ആറ് മണിക്ക് വേദി ഒന്നിൽ നടക്കുന്ന കെഎൽഐബിഎഫ്ടോക്കിൽ നോബൽ സമ്മാന ജേതാവ് കൈലാഷ് സത്യാർത്ഥി വിശിഷ്ട സാന്നിധ്യമാകും. മൂന്നാം തീയതി പ്രശസ്ത എഴുത്തുകാരൻ പെരുമാൾ മുരുകൻ കെഎൽഐബിഎഫ് ടോക്കിൽ പങ്കെടുക്കും. ഇന്നേ ദിവസം വേദി രണ്ടിൽനടക്കുന്ന സ്മൃതി സന്ധ്യയിൽ ഓർമ്മകളിൽ പത്മരാജൻ എന്ന പരിപാടി നടക്കും. രാധാലക്ഷ്മി പത്മരാജൻ,അനന്തപത്മനാഭൻ, ജോഷി മാത്യു എന്നിവർ പത്മരാജനെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവയ്ക്കും.
ഷബ്നം ഹഷ്മി, ശശി തരൂർ, സന്തോഷ് ജോർജ്ജ് കുളങ്ങര, എം. മുകുന്ദൻ, ആനന്ദ് നീലകണ്ഠൻ, സച്ചിദാനന്ദൻ, പ്രഭാവർമ, പ്രൊഫ. വി.മധുസൂദനൻ നായർ, സുഭാഷ് ചന്ദ്രൻ, മീന കന്ദസ്വാമി, അനിത നായർ,കെ.ആർ. മീര, ചന്ദ്രമതി, ഏഴാച്ചേരി രാമചന്ദ്രൻ, പറക്കാല പ്രഭാകർ, സുനിൽ പി. ഇളയിടം, പി.എഫ്. മാത്യൂസ്, മധുപാൽ, ഡോ. മനു ബാലിഗർ, ആഷാ മേനോൻ, എൻ. ഇ. സുധീർ, സന്തോഷ് ഏച്ചിക്കാനം, റഫീക്ക് അഹമ്മദ്, സി.വി. ബാലകൃഷ്ണൻ തുടങ്ങി 125-ഓളം പ്രമുഖരാണ് പുസ്തകോത്സവത്തോടനുബന്ധിച്ചുള്ള സാഹിത്യ സദസുകളുടെ ഭാഗാമാകുക.
Be the first to comment