
അമരാവതി: പൊള്ളുന്ന ചൂടിൽ കുട്ടികള്‍ ആവശ്യത്തിന് വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ കേരളത്തിലെ സ്കൂളുകളിൽ വാട്ടർ ബെൽ സംവിധാനം നേരത്തെ തന്നെ തുടങ്ങിയിരുന്നു. അതേ മോഡലിൽ വാട്ടർ ബെൽ സംവിധാനം തുടങ്ങിയിരിക്കുകയാണ് ആന്ധ്ര പ്രദേശും. മൂന്ന് തവണയാണ് ഇവിടെ കുട്ടികളെ വെള്ളം കുടിക്കാൻ ഓർമിപ്പിച്ച് ബെൽ മുഴങ്ങുക.
രാവിലെ 9.45നും 10.05നും 11.50നുമാണ് ആന്ധ്രയിലെ സ്കൂളുകളിൽ വാട്ടർ ബെൽ മുഴങ്ങുകയെന്ന് സ്കൂൾ വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി പ്രവീൺ പ്രകാശ് അറിയിച്ചു. വിദ്യാർത്ഥികളിൽ വെള്ളം കുടിക്കൽ ശീലമാക്കാൻ വേണ്ടിയാണ് ബെല്ലടിച്ചുള്ള ഈ ഓർമപ്പെടുത്തലെന്ന് പ്രിൻസിപ്പൽ സെക്രട്ടറി പറഞ്ഞു. ആന്ധ്രയിലെ 68 ഇടങ്ങളിൽ കഴിഞ്ഞ ദിവസം ഉഷ്ണതരംഗം അനുഭവപ്പെട്ടതായി ആന്ധ്രാപ്രദേശ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി (എപിഎസ്ഡിഎംഎ) അറിയിച്ചു. ഒമ്പത് ഇടത്ത് കടുത്ത ഉഷ്ണതരംഗമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.
കേരളം മുൻ വർഷങ്ങളിലും വാട്ടർ ബെൽ സംവിധാനം ഏർപ്പെടുത്തിയിരുന്നു. ക്ലാസ്സ് സമയത്ത് കുട്ടികൾ ആവശ്യമായത്ര വെള്ളം കൃത്യമായ അളവിൽ കുടിക്കുന്നുണ്ടോ എന്ന് ഉറപ്പു വരുത്തുകയാണ് ഇതിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. ബെൽ മുഴങ്ങിക്കഴിഞ്ഞാൽ അഞ്ച് മിനിറ്റ് സമയം വെള്ളം കുടിക്കാനായി നൽകണമെന്നാണ് സ്കൂളുകള്‍ക്ക് സർക്കാർ നൽകുന്ന നിർദ്ദേശം. കേരളത്തിലെ സ്കൂളുകളിൽ വാർഷിക പരീക്ഷ ആരംഭിക്കുന്നതിന് മുൻപുതന്നെ ഈ സംവിധാനം തുടങ്ങിയിരുന്നു.
Be the first to comment