‘പോല്‍ ബ്ലഡ് സംരംഭവുമായി കേരള പോലീസ്

തിരുവനന്തപുരം: രക്തദാന ക്യാമ്പുകള്‍ നടത്താന്‍ കേരള പോലീസ്. പോല്‍ ബ്ലഡ് സംരംഭവുമായി സഹകരിച്ച് നടത്താനാണ് തീരുമാനം. സംഘടനകള്‍, ക്യാമ്പസ്സുകള്‍, ക്ലബുകള്‍, റസിഡന്‍ഷ്യല്‍ അസോസിയേഷനുകള്‍, താല്‍പ്പര്യമുള്ള മറ്റുള്ളവര്‍ 9497990500 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.

”ഇതുവരെ പൊതുജനങ്ങളുടെ സഹായത്തോടെ ഒരു ലക്ഷം യൂണിറ്റോളം രക്തം ആവശ്യക്കാര്‍ക്ക് എത്തിച്ചുനല്‍കാന്‍ കേരള പോലീസിന് കഴിഞ്ഞിട്ടുണ്ട്. രക്തദാനത്തിന് ജനങ്ങളും മുന്നോട്ട് വന്നാല്‍ മാത്രമേ ഞങ്ങള്‍ക്ക് ഈ സേവനം സുഗമമായി മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയൂവെന്ന് പോലീസ് ഓര്‍മ്മപ്പെടുത്തുന്നു. അടിയന്തരഘട്ടങ്ങളില്‍ രക്തത്തിനായി കേരള പോലീസിന്റെ പോല്‍ ബ്ലഡ് എന്ന ഓണ്‍ലൈന്‍ സേവനം പ്രയോജനപ്പെടുത്താം.

കേരള പോലീസിന്റെ മൊബൈല്‍ അപ്ലിക്കേഷന്‍ ആയ പോല്‍ ആപ്പിന്റെ സഹായത്തോടുകൂടിയാണ് പ്രവര്‍ത്തനം. കേരള സ്റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന പോല്‍ ബ്ലഡില്‍ ആര്‍ക്കും അംഗങ്ങളാകാം.

രക്തദാനത്തിനും സ്വീകരണത്തിനുമായി രജിസ്റ്റര്‍ ചെയ്യാന്‍ പ്ലേസ്റ്റോറില്‍ നിന്ന് പോല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക. ആപ്പില്‍ പോല്‍ ബ്ലഡ് എന്ന വിഭാഗം തെരഞ്ഞെടുക്കുക. രക്തം നല്‍കാന്‍ ഡോണര്‍ എന്ന രജിസ്‌ട്രേഷന്‍ ഫോം പൂരിപ്പിക്കുക. രക്തം ആവശ്യമുള്ളവര്‍ റെസീപ്യന്റ് എന്ന ഫോം പൂരിപ്പിക്കുക. രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായാല്‍ കണ്‍ട്രോള്‍ റൂമില്‍ നിന്നു പോലീസ് ബന്ധപ്പെടും. രക്തം അടിയന്തരഘട്ടങ്ങളില്‍ സ്വീകരിക്കാന്‍ മാത്രമുള്ളതല്ല, രക്ത ദാനത്തിനും നാം തയ്യാറാകണമെന്നും പോലീസ് ഓര്‍മിപ്പിക്കുന്നു.” – പോലീസ് സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*