സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത

മഴ കനക്കുന്ന സാഹചര്യത്തില്‍ മുന്നറിയിപ്പുമായി മുഖ്യന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ നാല് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചുവെന്ന് മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് റെഡ് അലര്‍ട്ട്. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്നതിനാല്‍ ഇത് മലവെള്ളപ്പാച്ചിലേക്കും മിന്നല്‍ പ്രളയം പോലുള്ള സാഹചര്യത്തിലേക്കും വഴി വച്ചേക്കാം. നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട് – അദ്ദേഹം വ്യക്തമാക്കി.

മലയോര മേഖലയില്‍ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവര്‍ സുരക്ഷിതമായ സ്ഥലത്തേക്ക് പകല്‍ സമയത്ത് തന്നെ മാറി താമസിക്കാന്‍ തയ്യാറാവമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. സ്ഥിരമായി വെള്ളക്കെട്ട് രൂപപ്പെടാറുള്ള താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ സാഹചര്യം വിലയിരുത്തി തയ്യാറാക്കപ്പെടുന്ന ക്യാമ്പുകളിലേക്ക് മാറണം. വിവിധ തീരങ്ങളില്‍ കടലാക്രമണം ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തില്‍ മാറി താമസിക്കണം – അദ്ദേഹം വ്യക്തമാക്കി.

മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ കളക്ടര്‍മാര്‍ ജില്ലയില്‍ തന്നെ ഉണ്ടാകണം എന്നും മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. തിരുവന്തപുരത്തു നടക്കേണ്ടിയിരുന്ന ജില്ലാ കളക്ടര്‍മാരുടെ യോഗം മാറ്റിവെച്ചു.

ശബരിമല തീര്‍ത്ഥാടന പാതയായ കാഞ്ഞിരപ്പള്ളി 26-ാം മൈല്‍ എരുമേലി റോഡില്‍ കൂവപ്പള്ളി അമല്‍ ജ്യോതി കോളേജിന് സമീപം മഴയത്ത് മരം കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു. കാഞ്ഞിരപ്പള്ളിയില്‍ നിന്നും എത്തിയ ഫയര്‍ഫോഴ്‌സ് സംഘം ഗതാഗതം പുനസ്ഥാപിക്കുവാന്‍ മരം വെട്ടി മാറ്റുന്നു. ശബരിമല തീര്‍ത്ഥാടന കാലത്ത് വലിയ വാഹനങ്ങളടക്കം കടന്ന് പോകുന്ന പാതയാണിത്. ഈരാറ്റുപേട്ട – വാഗമണ്‍ റോഡില്‍ രാത്രികാല യാത്ര നിരോധിച്ചു. വിനോദ സഞ്ചാര കേന്ദ്രങ്ങളിലും പ്രവേശനം നിരോധിച്ചു. വാഗമണ്‍, ഇല്ലിക്കല്‍ കല്ല്, മാര്‍മല അരുവി, ഇലവീഴാ പൂഞ്ചിറ എന്നിവിടങ്ങളിലാണ് വിലക്ക്. ഇന്നു മുതല്‍ ഡിസംബര്‍ നാലുവരെയാണ് നിരോധനം. കോട്ടയം ജില്ലാ കളക്ടര്‍ ജോണ്‍ വി സാമുവലാണ് ഉത്തരവ് ഇറക്കിയത്.

മലപ്പുറം ജില്ലയില്‍ നാളെ എല്ലാ ക്വാറി പ്രവര്‍ത്തനങ്ങളും നിരോധിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളിലും മറ്റും വിനോദസഞ്ചാരം ഒഴിവാക്കണം. നദീതീരത്ത് താമസിക്കുന്ന എല്ലാവരും പ്രത്യേക ജാഗ്രത പാലിക്കണം.

വലിയ മഴ പെയ്യുകയാണെങ്കില്‍ ബാക്കിക്കയം ഷട്ടര്‍ തുറക്കുന്നതിനാല്‍ കടലുണ്ടിപ്പുഴ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. സര്‍ക്കാര്‍ വകുപ്പുകളും പോലീസും നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ എല്ലാവരും പാലിക്കണം. വൈദ്യുതി ബോര്‍ഡും പൊതുമരാമത്ത് വകുപ്പും പഞ്ചായത്ത് തല ദുരന്ത പ്രതികരണ സംഘങ്ങളും ഏത് അടിയന്തരാവസ്ഥയ്ക്കും തയ്യാറായിരിക്കണമെന്ന് കളക്ടര്‍ അഭ്യര്‍ഥിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*