ആലപ്പുഴ: കേരള സ്‌കൂള്‍ ശാസ്ത്രോത്സവത്തിന് പതാക ഉയർന്നു. പൊതുവിദ്യാഭ്യാസ ഡയറക്‌ടർ കെ ജീവൻ ബാബു പതാക ഉയർത്തി. ശാസ്ത്രോത്സവത്തിൻ്റെ പ്രധാന വേദിയായ ആലപ്പുഴ സെൻ്റ് ജോസഫ്‌സ് എച്ച് എസ് എസ് അങ്കണത്തിലാണ് ചടങ്ങ് നടന്നത്.
ശാസ്ത്രോത്സവത്തിൻ്റെ മുന്നോടിയായി വിളംബര ജാഥയും നടന്നു. നവംബർ 15 മുതൽ 18 വരെയാണ് കേരള സ്‌കൂള്‍ ശാസ്ത്രോത്സവം ആലപ്പുഴയിൽ നടക്കുക.
സംസ്ഥാന സ്‌കൂൾ കായിക മേളയിൽ മൂന്ന് സ്വർണവും ഒരു വെള്ളിയും കരസ്ഥമാക്കി ആലപ്പുഴയുടെ അഭിമാനമായി മാറിയ സെൻ്റ് ജോസഫ്‌സ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനി ആർ ശ്രേയ പതാകയേന്തി. മേളയുടെ ദീപശിഖക്ക് പിന്നാലെ അത്ലറ്റുകളും അണിനിരന്നു.
വാദ്യ മേളങ്ങളുടെയും അമ്മൻ കുടത്തിൻ്റെയും ബാൻഡ് സെറ്റിന്‍റെയും അകമ്പടിയോടെ നീങ്ങിയ ജാഥയിൽ ജില്ലാ സ്പോർട്‌സ് കൗൺസിൽ കായിക താരങ്ങളും സംസ്ഥാന സ്‌കൂൾ കായിക മേളയിൽ പങ്കെടുത്ത ആലപ്പുഴ ജില്ലയിലെ കായിക താരങ്ങളും റോവിങ് താരങ്ങളും അണിനിരന്നു.
നഗരത്തിലെ വിവിധ വിദ്യാലയങ്ങളിലെ എൻസിസി, എസ് പി സി, സ്‌കൗട്ട് ആൻ്റ് ഗൈഡ് വിദ്യാർഥികളുടെ മാർച്ച് പാസ്റ്റും വിളംബര ജാഥക്ക് മിഴിവേകി. ജനപ്രതിനിധികൾ, വിദ്യാഭ്യാസ, സാംസ്‌കാരിക രംഗത്തെ പ്രമുഖർ എന്നിവർ പങ്കെടുത്ത ഘോഷയാത്രക്ക് ആയിരങ്ങൾ സാക്ഷിയായി. വിളംബര ഘോഷയാത്ര പ്രധാന വേദിയായ സെന്‍റ് ജോസഫ് സ്‌കൂളിൽ സമാപിച്ചു.
പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്‌ടർ സി എ സന്തോഷ്, വിദ്യാഭ്യാസ ഉപഡയറക്‌ടർ ഇ എസ് ശ്രീലത, ജില്ലാ പഞ്ചായത്ത് അംഗം ആർ റിയാസ്, വിവിധ കമ്മിറ്റികളുടെ കൺവീനർമാർ, ഉദ്യോഗസ്ഥർ, അധ്യാപക സംഘടന പ്രതിനിധികൾ എന്നിവർ പതാക ഉയര്‍ത്തല്‍ ചടങ്ങില്‍ പങ്കെടുത്തു.
Be the first to comment