സ്‌കൂൾ കായികമേളയില്‍ ആദ്യം ഇൻക്ലൂസീവ് മത്സരങ്ങൾ: ഗെയിംസ് ഇനങ്ങൾക്ക് ഇന്ന് തുടക്കം

എറണാകുളം: കേരള സ്‌കൂൾ കായികമേളയുടെ ഗെയിംസ് ഇനങ്ങൾക്ക് ഇന്ന് തുടക്കം. ഫുട്‌ബോള്‍, ഹാന്‍ഡ് ബോള്‍, ടെന്നീസ്, വോളിബോള്‍ ഉള്‍പ്പെടെയുള്ള 18 ഇനങ്ങളിലാണ് ഇന്ന് മത്സരങ്ങൾ നടക്കുക. ഇൻക്ലൂസീവ് സ്‌പോർട്‌സിൻ്റെ ഭാഗമായി പ്രത്യേക പരിഗണന ആവശ്യമുള്ള ഭിന്നശേഷി വിദ്യാർഥികളുടെ മത്സരങ്ങളാണ് ആദ്യം. പ്രധാന വേദിയായ മഹാരാജാസിലാകും ഇൻക്ലൂസീവ് മത്സരങ്ങൾ നടത്തപ്പെടുക.

ടെന്നീസ് ,ടേബിൾ ടെന്നീസ് ,ബാഡ്‌മിന്‍റണ്‍, ജൂഡോ, ഫുട്ബോൾ ത്രോ ബോൾ ,സോഫ്റ്റ്‌ ബോൾ വോളിബോൾ, ഹാൻഡ് ബോൾ, നീന്തൽ എന്നീ മത്സരങ്ങളും ആദ്യദിവസമായ ഇന്ന് നടക്കും. 17 വേദികളിലും ഇന്ന് മത്സരങ്ങളുണ്ട്. അത്‌ലറ്റിക് മത്സരങ്ങള്‍ക്ക് വ്യാഴാഴ്‌ച തുടക്കമാകും.

വേദികൾ: റീജിയണൽ സ്‌പോർട്‌സ് സെന്‍റർ കടവന്ത്ര, ജിഎച്ച്‌എസ്എസ് പനമ്പള്ളി നഗർ, വെളി ഗ്രൗണ്ട് ഫോർട്ട് കൊച്ചി, പരേഡ് ഗ്രൗണ്ട് ഫോർട്ട് കൊച്ചി, കണ്ടെയ്‌നർ റോഡ്, മഹാരാജാസ് കോളേജ് സ്‌റ്റേഡിയം, സെന്‍റ് പീറ്റേഴ്‌സ് കോളേജ് , സെന്‍റ് പീറ്റേഴ്‌സ് എച്ച്എസ്എസ് കോലഞ്ചേരി, സേക്രഡ് ഹാർട്ട് എച്ച്എസ്എസ് തേവര, എംജിഎം എച്ച്എസ്എസ് പുത്തൻകുരിശ്, ജി ബി എച്ച്എസ്എസ് തൃപ്പൂണിത്തുറ, രാജീവ് ഗാന്ധി സ്‌റ്റേഡിയം തോപ്പുംപടി, ജിഎച്ച്എസ്എസ് കടയിരുപ്പ്, മുൻസിപ്പൽ ടൗൺഹാൾ കളമശ്ശേരി, എറണാകുളം ടൌൺഹാൾ, സെന്‍റ് പോൾസ് കോളേജ് ഗ്രൗണ്ട് കളമശ്ശേരി, പാലസ് ഓവൽ ഗ്രൗണ്ട് തൃപ്പൂണിത്തുറ, എംഎ കോളേജ് കോതമംഗലം.

ഒളിമ്പിക്‌സ് മാതൃകയിലുള്ള കേരള സ്‌കൂൾ കായിക മേളയ്‌ക്ക് ഇന്നലെയാണ് തിരിതെളിഞ്ഞത്. എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി മേള ഉദ്‌ഘാടനം ചെയ്‌തു. വിദ്യാഭ്യാസ മന്ത്രിയും കായികമേള ബ്രാൻഡ് അംബാസഡർ ഒളിമ്പ്യൻ പിആർ ശ്രീജേഷും ഭിന്ന ശേഷിക്കാരിയായ ശ്രീലക്ഷ്‌മിയും ചേർന്ന് ദീപശിഖ തെളിയിച്ചു. സാംസ്‌കാരിക പരിപാടിയുടെ ഉദ്ഘാടനം മമ്മൂട്ടി നിർവഹിച്ചു.

ഉദ്ഘാടന സമ്മേളനത്തിന് ശേഷം നാലായിരത്തോളം കുട്ടികൾ അണിനിരന്ന സാംസ്‌കാരിക പരിപാടികൾ നടന്നു. പിടി ഡിസ്‌പ്ലേ, കലസ്‌തെനിക്‌സ്, എയ്റോബിക്‌സ്, സൂംബ, അത്തച്ചമയം, ക്വീൻ ഓഫ് അറേബ്യൻ സീ, തിരുവാതിര, പുലികളി, ചെണ്ടമേളം തുടങ്ങിയവയാണ് പ്രധാനമായും അരങ്ങേറിയത്.

കായിക മേളയുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി വിപുലമായ ക്രമീകരണമാണ് ഒരുക്കിയിരിക്കുന്നത്. മേളയുടെ ഭാഗമായി ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. മയക്കുമരുന്ന് സംഘങ്ങളെ കണ്ടെത്താൻ എക്‌സൈസിൻ്റെയും പോലീസിൻ്റെയും നേതൃത്വത്തിൽ 40 സ്‌പെഷ്യൽ സ്‌ക്വാഡുകൾ പ്രവർത്തിക്കുന്നുണ്ട്.

കായിക മേളയിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് മെഡിക്കൽ സേവനങ്ങൾ ലഭ്യമാക്കാൻ എല്ലാ വേദികളിലേക്കും മെഡിക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോ ഓഡിനേറ്റർമാരുടെ സംഘം പ്രവർത്തിക്കുന്നുണ്ട്. മാത്രമല്ല എല്ലാ വേദികളിലും ആംബുലസ് സംവിധാനം ഏർപ്പെടുത്തും.

അലോപ്പതി, ആയൂർവേദ, ഹോമിയോപ്പതി സേവനം ഉറപ്പാക്കി ഫിസിയോ തെറാപ്പിസ്‌റ്റുകളുടെയും സ്‌പോർട്ട്‌സ് ആയൂർവേദയുടെയും ടീം കുട്ടികളുടെ സുരക്ഷയ്ക്കായി പ്രവർത്തിക്കും. പരിക്ക് പറ്റുന്ന കായിക താരങ്ങൾക്ക് സുരക്ഷ ഒരുക്കുന്നതിനായി ഫസ്‌റ്റ് എയ്‌ഡ് കിറ്റ് ലഭ്യമാക്കും. അവർക്കായി കട്ടിൽ, ബെഡ്, സ്ട്രെച്ചർ, വീൽചെയർ എന്നിവ സജ്ജമാക്കും. ഭിന്നശേഷിക്കാരായ 4000ലധികം വിദ്യാർഥികൾ പങ്കെടുക്കുന്ന കായിക മേളയിൽ അവർക്കാവശ്യമായ മെഡിക്കൽ സൗകര്യങ്ങളും കമ്മിറ്റി ഒരുക്കിയിട്ടുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*