
എറണാകുളം: സംസ്ഥാന സ്‌കൂൾ കായികമേളയിൽ അത്ലറ്റിക് മത്സരങ്ങൾക്ക് ആവേശകരമായ തുടക്കം. മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ നടന്ന സീനിയർ ആൺകുട്ടികളുടെ 5000 മീറ്റർ നടത്തത്തിൽ മലപ്പുറം കടകശ്ശേരി ഐഡിയൽ ഇന്‍റർനാഷണൽ സ്‌കൂളിലെ മുഹമ്മദ് സുൽത്താൻ സ്വർണം നേടി. ഇതേ സ്‌കൂളിലെ ദിൽജിത്ത് മൂന്നാം സ്ഥാനം നേടിയപ്പോൾ, കോഴിക്കോട് ജില്ലയിലെ ആൽബിൻ ബോബിയാണ് രണ്ടാമതെത്തിയത്. സീനിയർ പെൺകുട്ടികളുടെ 3000 മീറ്റർ നടത്തത്തിൽ മലപ്പുറം കെഎച്എംഎച്എസ്എസിലെ ഗീതു കെ പി ആണ് സുവർണ നേട്ടത്തിന് അർഹയായത്.
ട്രാക്ക് ഉണർന്നതോടെ മേളയുടെ കായികാവേശത്തിലേക്കാണ് മെട്രോ നഗരമുണർന്നത്. ഒളിമ്പിക്‌സ് മാതൃകയില്‍ ആദ്യമായി സംഘടിപ്പിച്ച സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ പുതിയ വേഗവും ദൂരവും കാത്തിരിക്കുകയാണ് കായിക കേരളം. സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ പ്രധാന ആകര്‍ഷണമായ അത്ലറ്റിക്‌സ് മത്സരങ്ങള്‍ക്ക് മഹാരാജാസ് കോളജ് വേദിയാകുമ്പോൾ ഗെയിംസ് ഇനങ്ങളുടെ ഫൈനൽ മത്സരങ്ങളാണ് മറ്റു വേദികളിൽ നടക്കുന്നത്.
നടത്ത മത്സരങ്ങൾക്ക് പിന്നാലെ സബ് ജൂനിയര്‍ ആണ്‍കുട്ടികളുടെ ഹൈജമ്പ്, 400 മീറ്റര്‍ ഓട്ടം, ഷോട്ട് പുട്ട്, 4×100 മീറ്റര്‍ റിലേ, സബ് ജൂനിയര്‍ പെണ്‍കുട്ടികളുടെ 400 മീറ്റര്‍ ഓട്ടം, ലോങ് ജമ്പ്, ഷോട്ട്പുട്ട്, 4×100 മീറ്റര്‍ റിലേ, ജൂനിയര്‍ ആണ്‍കുട്ടികളുടെ പോള്‍വാള്‍ട്ട്, ഹാമര്‍ ത്രോ, ലോങ് ജമ്പ്, ജൂനിയര്‍ പെണ്‍കുട്ടികളുടെ ഷോട്ട്പുട്ട്, 3000 മീറ്റര്‍ ഓട്ടം, 400 മീറ്റര്‍ ഓട്ടം, ഹൈജമ്പ്, ലോങ് ജമ്പ്, 4×100 മീറ്റര്‍ റിലേ മത്സരങ്ങള്‍ നടക്കും.
സീനിയര്‍ ആണ്‍കുട്ടികളുടെ ലോങ് ജമ്പ്, 3000 മീറ്റര്‍ ഓട്ടം, 400 മീറ്റര്‍ ഓട്ടം, പോള്‍വാള്‍ട്ട്, ഹാമര്‍ ത്രോ, ഹൈജമ്പ്, 4×100 മീറ്റര്‍ റിലേ, സീനിയര്‍ പെണ്‍കുട്ടികളുടെ ഡിസ്‌കസ് ത്രോ, 3000 മീറ്റര്‍ ഓട്ടം, 400 മീറ്റര്‍ ഓട്ടം, ഹൈജമ്പ്, ജാവലിന്‍ ത്രോ, 4×100 മീറ്റര്‍ റിലേ എന്നിവയും ഇന്ന് നടക്കും. നാലു ദിവസങ്ങളിലായാണ് അത്ലറ്റിക്‌സ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കുക. 2700 കുട്ടികള്‍ അത്‌ലറ്റിക്‌സ് മല്‍സരങ്ങളില്‍ പങ്കെടുക്കും.
മത്സരങ്ങളില്‍ പങ്കെടുക്കുന്നവരുടെ രജിസ്‌ട്രേഷന്‍ ബുധനാഴ്‌ച രാവിലെ തുടങ്ങിയിരുന്നു. അധ്യാപകര്‍ക്കുള്ള മത്സരങ്ങള്‍ അവസാന ദിവസം നടക്കും. അത്‌ലറ്റിക് മത്സരങ്ങളുടെ ആവേശം തത്സമയം കാണികള്‍ക്ക് പങ്കുവയ്ക്കാനായി സ്റ്റേഡിയത്തില്‍ വീഡിയോ സ്‌ക്രീനുകള്‍ സ്ഥാപിച്ചിട്ടുണ്ട്.
Be the first to comment