രഞ്ജി ട്രോഫിയുടെ പുതിയ സീസണിന് വിജയത്തുടക്കമിട്ട് കേരളം

തിരുവനന്തപുരം: രഞ്ജി ട്രോഫിയുടെ പുതിയ സീസണിനു വിജയത്തുടക്കമിട്ട് കേരളം. പഞ്ചാബിനെതിരായ പോരാട്ടത്തില്‍ മഴ ഇടയ്ക്ക് വില്ലനായിട്ടും ഒന്നാം ഇന്നിങ്‌സില്‍ ലീഡ് വഴങ്ങിയിട്ടും കേരളം ജയം കൈയിലൊതുക്കി. എട്ട് വിക്കറ്റ് ജയമാണ് കേരളം ആഘോഷിച്ചത്.

ഒന്നാം ഇന്നിങ്‌സില്‍ പഞ്ചാബ് 194 റണ്‍സിനു പുറത്തായി. എന്നാല്‍ കേരളം 179ല്‍ പുറത്തായി. 15 റണ്‍സിന്റെ നേരിയ ലീഡുമായി ബാറ്റിങ് തുടങ്ങിയ പഞ്ചാബിനു പക്ഷേ ഒന്നാം ഇന്നിങ്‌സിലെ ക്ഷമ രണ്ടാം ഇന്നിങ്‌സില്‍ കാണിക്കാനായില്ല. അവരുടെ പോരാട്ടം 142 റണ്‍സില്‍ അവസാനിച്ചു. ഇതോടെ കേരളത്തിന്റെ വിജയ ലക്ഷ്യം 158 റണ്‍സായി. രണ്ടാം ഇന്നിങ്‌സില്‍ കേരളം 2 വിക്കറ്റ് മാത്രം നഷ്ടത്തില്‍ 158 റണ്‍സെടുത്താണ് വിജയം സ്വന്തമാക്കിയത്.

വിജയത്തിലേക്ക് ബാറ്റേന്തിയ കേരളത്തിനായി ക്യാപ്റ്റന്‍ സച്ചിന്‍ ബേബി അര്‍ധ സെഞ്ച്വറി നേടി. താരം 56 റണ്‍സെടുത്തു. രോഹന്‍ കുന്നുമ്മല്‍ അതിവേഗം റണ്‍സടിച്ചു. താരം 36 പന്തില്‍ നാല് ഫോറും രണ്ട് സിക്‌സും സഹിതം 48 റണ്‍സെടുത്തു. ഇരുവരുടെ വിക്കറ്റുകള്‍ മാത്രമാണ് കേരളത്തിനു നഷ്ടമായത്. കളി അവസാനിക്കുമ്പോള്‍ അതിഥി താരമായ ബാബ അപരാജിത് (39), സല്‍മാന്‍ നിസാര്‍ (7) എന്നിവര്‍ പുറത്താകാതെ നിന്നു.

അതിഥി താരമായി ഇത്തവണ ടീമിലെത്തിയ ആദിത്യ സാര്‍വതെയുടെ മിന്നും ബൗളിങാണ് കേരളത്തിന്റെ ജയം അനായാസമാക്കിയത്. ഒന്നാം ഇന്നിങ്‌സില്‍ അഞ്ചും രണ്ടാം ഇന്നിങ്‌സില്‍ നാലും വിക്കറ്റുകള്‍ താരം നേടി. മൊത്തം 9 വിക്കറ്റുകളാണ് സാര്‍വതെ വീഴ്ത്തിയത്.

ഒന്നാം ഇന്നിങ്‌സില്‍ ജലജ് സക്‌സേനയും കേരളത്തിനായി ബൗളിങില്‍ തിളങ്ങി. താരവും 5 വിക്കറ്റുകള്‍ വീഴ്ത്തി. രണ്ടാം ഇന്നിങ്‌സില്‍ ജലജ് രണ്ട് വിക്കറ്റുകളെടുത്ത് മൊത്തം 7 വിക്കറ്റുകള്‍ സ്വന്തമാക്കി. രണ്ടാം ഇന്നിങ്‌സില്‍ ബാബ അപരാജിത് 4 വിക്കറ്റുകള്‍ എടുത്തു.

നേരത്തെ ഒന്നാം ഇന്നിങ്‌സില്‍ വത്സല്‍ ഗോവിന്ദ് (28), മുഹമ്മദ് അസ്ഹറുദ്ദീന്‍ (38), വിഷ്ണു വിനോദ് (20) എന്നിവരുടെ ചെറുത്തു നില്‍പ്പാണ് കേരളത്തിനു രക്ഷയായത്.

Be the first to comment

Leave a Reply

Your email address will not be published.


*