തമിഴ്നാട്ടില്‍ തള്ളിയ ആശുപത്രിമാലിന്യം നീക്കം ചെയ്യാമെന്ന് ഉറപ്പ് നല്‍കി കേരളം. ബയോമെഡിക്കല്‍ മാലിന്യങ്ങള്‍ ഉള്‍പ്പടെയുള്ളവ മൂന്നുദിവസത്തിനകം മാറ്റണമെന്ന് ദേശീയ ഹരിതട്രിബ്യൂണൽ ഉത്തരവിട്ടരുന്നു. മാലിന്യം നീക്കിയശേഷം ഉത്തരവാദികളില്‍നിന്ന് ചെലവ് ഈടാക്കാനും നിയമനടപടി എടുക്കാനുമാണ് ഹരിതട്രിബ്യൂണൽ ഉത്തരവ്. തിരുവനന്തപുരം റീജിയണൽ കാന്‍സര്‍ സെന്റര്‍, ക്രെഡന്‍സ് ആശുപത്രി, കോവളം ലീല ഹോട്ടല്‍ എന്നിവിടങ്ങളിലെ മാലിന്യം ഉള്‍പ്പെടെ തിരുനെല്‍വേലിക്കു സമീപം തള്ളിയതിനെതിരേയാണ് ട്രിബ്യൂണന്‍ കടുത്ത നിലപാട് സ്വീകരിച്ചത്.
മാലിന്യം നീക്കം ചെയ്തതിനുള്ള ചെലവായ 70,000 രൂപ കേരളം തമിഴ്നാടിന് നല്‍കും. ഹരിതട്രിബ്യൂണലിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന ചീഫ് സെക്രട്ടറിയും മലിനീകരണ നിയന്ത്രണ ബോര്‍ഡും ആരോപണവിധേയമായ സ്ഥാപനങ്ങളില്‍ നിന്ന് റിപ്പോര്‍ട്ടു തേടിയിട്ടുണ്ട്. മാലിന്യം തള്ളിയതുമായി ബന്ധപ്പെട്ട് തിരുനെല്‍വേലിയില്‍ രണ്ടുപേരെ പോലീസ് പിടികൂടി. ഇവര്‍ക്ക് എങ്ങനെയാണ് മാലിന്യം ലഭിച്ചതെന്നത് അന്വേഷണം നടക്കുകയാണെന്ന് തമിഴ്‌നാട് പൊലീസ് പറഞ്ഞു.
തെങ്കാശി, കന്യാകുമാരി, തിരുനെല്‍വേലി ജില്ലകളില്‍ കേരളം മാലിന്യം തള്ളുന്നുവന്ന് തമിഴ്നാട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലൈ ആരോപിച്ചിരുന്നു. റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ നിന്നുമുള്ള മാലിന്യം ഡിസംബര്‍ 15 ന് തമിഴ്നാട്ടില്‍ കണ്ടെത്തി. ഈ മാലിന്യത്തില്‍ രോഗികളുടെ രഹസ്യ വിവരങ്ങളും അടങ്ങിയിരുന്നതായി അണ്ണാമലൈ പറഞ്ഞു. കുടകനല്ലൂര്‍, പാലവൂര്‍ വില്ലേജുകളിലെ ഒഴിഞ്ഞ സ്ഥലങ്ങളിലായിരുന്നു തുടര്‍ച്ചയായി മാലിന്യം നിക്ഷേപിച്ചിരുന്നത്. ഇന്നലെ സംഭവസ്ഥലം സന്ദര്‍ശിച്ച മലിനീകരണ നിയന്ത്രണബോര്‍ഡ്, നഗരസഭ, ഇമേജ് എന്നിവയുടെ പ്രതിനിധികള്‍ നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും മാലിന്യങ്ങള്‍ നീക്കം ചെയ്യുക. മൂന്നുദിവസത്തിനകം മാലിന്യം പൂര്‍ണമായും നീക്കാനാണ് ട്രിബ്യൂണന്‍ നിര്‍ദേശം. ഇതിന്റെ അടിസ്ഥാനത്തിലുള്ള നടപടി ഇന്നും നാളെയുമായി പൂര്‍ത്തിയാക്കും.
Be the first to comment