കായിക കേരളം കൊച്ചിയിലേക്ക്; സ്‌കൂൾ ഒളിമ്പിക്‌സിന് ട്രാക്കുണരാന്‍ മണിക്കൂറുകൾ മാത്രം

എറണാകുളം: സംസ്ഥാന സ്‌കൂൾ കായിക മേളയ്‌ക്കൊരുങ്ങി കൊച്ചി. പുതിയ വേഗവും ഉയരവും തേടി കൗമാര കായിക കേരളം നാളെ മുതൽ മെട്രോ നഗരത്തിൽ ഒത്തുചേരും. ഇനിയുള ഒരാഴ്‌ചക്കാലം സ്‌കൂൾ കായിക മാമാങ്കത്തിന് സാക്ഷിയാവുകയാണ് അറബിക്കടലിന്‍റെ റാണി. ഒളിംപിക്‌സ് മാതൃകയിൽ സംഘടിപ്പിക്കുന്ന മേളയുടെ ഉദ്ഘാടനം നവംബർ നാലിന് വൈകുന്നേരം നാലിന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിർവഹിക്കും.

സാംസ്‌കാരിക പരിപാടിയുടെ ഉദ്ഘാടനം നടൻ മമ്മൂട്ടി നിർവഹിക്കും. വിദ്യാഭ്യാസ മന്ത്രിയും കായികമേള ബ്രാൻഡ് അംബാസഡർ പി ആർ ശ്രീജേഷും ചേർന്ന് ദീപശിഖ തെളിയിക്കുന്നതോടെ മേളയ്ക്ക് ഔപചാരിക തുടക്കമാകും. 3500 വിദ്യാർഥികൾ പങ്കെടുക്കുന്ന മാർച്ച് പാസ്‌റ്റും, 32 സ്‌കൂളുകളിൽ നിന്നുള്ള 4,000 വിദ്യാർഥികൾ പങ്കെടുക്കുന്ന സാംസ്‌കാരിക പരിപാടിയും ഉദ്ഘാടന ചടങ്ങ് വർണാഭമാക്കും.

ഉദ്ഘാടന ചടങ്ങിന് ശേഷം ബാൻഡ് മാർച്ച് ആരംഭിക്കും. പിന്നീട് കൊച്ചിയെ പ്രതിനിധാനം ചെയ്‌ത് ക്വീനും ഫ്‌ളവർ ഗേൾസും മാർച്ച് ചെയ്യും. 100 മുത്തുക്കുടകൾ അകമ്പടി സേവിക്കും. നേവൽ എൻസിസി കേഡറ്റുകളുടെ ട്വന്‍റി ഫോർ കൊച്ചി ഫോർമേഷനും നടക്കും. തുടർന്ന് ആയിരം പേരുടെ മാസ് ഡ്രിൽ. പിന്നാലെ ആയിരം പേർ അണിനിരക്കുന്ന സൂമ്പ. അതിനുശേഷം ആയിരം പേർ അണിനിരക്കുന്ന ഫ്രീ ഹാൻഡ് എക്‌സർസൈസ്. തുടർന്ന് ക്യൂൻ ഓഫ് അറേബ്യൻ സി സാംസ്‌കാരിക പരിപാടി അവതരിപ്പിക്കും. കൊച്ചിൻ കാർണിവൽ, അത്തച്ചമയം എന്നിങ്ങനെ രണ്ട് വിഭാഗമായിട്ടുള്ള കലാപരിപാടിയും അവതരിപ്പിക്കും.
ഒളിമ്പിക്‌സ് മാതൃകയിലാണ് ഇത്തവണ കേരള സ്‌കൂൾ കായിക മേള സംഘടിപ്പിക്കുന്നത്. ആദ്യ ദിനമായ നവംബർ അഞ്ചിന് അത്‌ലറ്റിക്‌സ്, ബാഡ്‌മിന്‍റൺ, ഫുട്ബോൾ, ത്രോബോൾ തുടങ്ങി 20 ഓളം മത്സരങ്ങൾ ഉണ്ടാകും. വിജയികൾക്കു സമ്മാന തുക, മെഡൽ, സർട്ടിഫിക്കറ്റ് എന്നിവക്കൊപ്പം കൂടുതൽ പോയിന്‍റ് നേടുന്ന ജില്ലയ്ക്ക് മുഖ്യമന്ത്രിയുടെ പേരിലുള്ള എവർ റോളിങ് ട്രോഫിയും സമ്മാനിക്കും. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കുന്ന കുട്ടികളെ ഒലിവ് ഇല കിരീടം അണിയിക്കും.24,000 കായിക പ്രതിഭകളും 1562 സവിശേഷ പരിഗണന അർഹിക്കുന്ന കുട്ടികളും അണ്ടർ 14, 17, 19 കാറ്റഗറികളിലായി ഗൾഫ് സ്‌കൂളുകളിൽ നിന്നു 50 കുട്ടികളും പങ്കെടുക്കും. ആദ്യമായാണ് സവിശേഷ പരിഗണന അർഹിക്കുന്ന കുട്ടികളെയും ഗൾഫ് സ്‌കൂളുകളിൽ നിന്നുള്ള കുട്ടികളെയും സംസ്ഥാന സ്‌കൂൾ കായിക മേളയ്ക്കു ഒരുമിച്ചു പങ്കെടുപ്പിക്കുന്നത്.
വേദികൾ: റീജിയണൽ സ്‌പോർട്‌സ് സെന്‍റർ കടവന്ത്ര, ജിഎച്ച്‌എസ്എസ് പനമ്പള്ളി നഗർ, വെളി ഗ്രൗണ്ട് ഫോർട്ട് കൊച്ചി, പരേഡ് ഗ്രൗണ്ട് ഫോർട്ട് കൊച്ചി, കണ്ടെയ്‌നർ റോഡ്, മഹാരാജാസ് കോളേജ് സ്‌റ്റേഡിയം, സെന്‍റ് പീറ്റേഴ്‌സ് കോളേജ് , സെന്‍റ് പീറ്റേഴ്‌സ് എച്ച്എസ്എസ് കോലഞ്ചേരി, സേക്രഡ് ഹാർട്ട് എച്ച്എസ്എസ് തേവര, എംജിഎം എച്ച്എസ്എസ് പുത്തൻകുരിശ്, ജി ബി എച്ച്എസ്എസ് തൃപ്പൂണിത്തുറ, രാജീവ് ഗാന്ധി സ്‌റ്റേഡിയം തോപ്പുംപടി, ജിഎച്ച്എസ്എസ് കടയിരുപ്പ്, മുൻസിപ്പൽ ടൗൺഹാൾ കളമശ്ശേരി, എറണാകുളം ടൗൺഹാൾ, സെന്‍റ് പോൾസ് കോളേജ് ഗ്രൗണ്ട് കളമശ്ശേരി, പാലസ് ഓവൽ ഗ്രൗണ്ട് തൃപ്പൂണിത്തുറ, എംഎ കോളേജ് കോതമംഗലം.
നാലാം തിയതി രാവിലെ 10 ന് പഴയിടം മോഹനൻ നമ്പൂതിരിയും സംഘവും അടുക്കളയുടെ പാല് കാച്ചൽ ചടങ്ങ് നടത്തും. മുഖ്യമന്ത്രിയുടെ പേരിലുള്ള എവർറോളിങ് ട്രോഫിയുമായി എല്ലാ ജില്ലകളിലും പര്യടനം പൂർത്തിയാക്കിയശേഷം നവംബർ 4 ന് രാവിലെ 11 ന് കൊച്ചിയിൽ എത്തുന്ന വിളംബരജാഥയ്ക്ക് ഉദ്ഘാടന വേദിയായ മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ സ്വീകരണം ഒരുക്കും. കാൽ ലക്ഷത്തോളം കുട്ടികൾ 17 വേദികളിലായി വിവിധ കായിക ഇനങ്ങളിൽ മാറ്റുരയ്ക്കും. നവംബർ 11 ന്‌ നടക്കുന്ന സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും.

Be the first to comment

Leave a Reply

Your email address will not be published.


*