സ്വര്‍ണക്കപ്പില്‍ മുത്തമിട്ട് തൃശൂര്‍. ഓവറോള്‍ ചാമ്പ്യന്മാരായ തൃശൂര്‍ ജില്ലയ്ക്ക് സ്വര്‍ണ കപ്പ് സമ്മാനിച്ച് മന്ത്രി വി ശിവന്‍കുട്ടി. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ സ്വര്‍ണക്കപ്പ് തൃശൂരേക്ക്. 1008 പോയിന്റ് നേടിയാണ് തൃശൂരിന്റെ സുവര്‍ണ നേട്ടം. കേവലം ഒരു പോയ്ന്റ് വ്യത്യാസത്തിലാണ് പാലക്കാടിന് ഒന്നാം സ്ഥാനം നഷ്ടമായത്. 1007 പോയ്ന്റാണ് പാലക്കാടിന് ലഭിച്ചത്. 1003 പോയ്ന്റ് നേടിയ കണ്ണൂരാണ് മൂന്നാം സ്ഥാനത്ത്. 25 വര്‍ഷത്തിന് ശേഷമാണ് കലയുടെ പൊന്‍കിരീടം തൃശൂരിലേക്കെത്തുന്നത്. 1999-ലാണ് അവസാനമായി ജില്ല കിരീടം ചൂടിയത്. ഇത് ആറാം തവണയാണ് തൃശൂര്‍ വിജയികളാകുന്നത്.
കോഴിക്കോട്, എറണാകുളം, മലപ്പുറം ജില്ലകളാണ് തൊട്ടുപിന്നിലുള്ള ജില്ലകള്‍. ആതിഥേയരായ തിരുവനന്തപുരം 957 പോയിന്റുമായി എട്ടാം സ്ഥാനക്കാരായി. തൃശ്ശൂരും പാലക്കാടും ഹൈസ്കൂള്‍ വിഭാഗത്തില്‍ 482 പോയിന്റുമായി ഒന്നാമതെത്തി. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 526 പോയിന്റുമായി തൃശൂരാണ് ഒന്നാമത്. ഹൈസ്കൂള്‍ അറബിക് കലോത്സവത്തില്‍ കണ്ണൂര്‍, കോഴിക്കോട്, എറണാകുളം എന്നീ ജില്ലകള്‍ 95 പോയിന്റുമായി ഒന്നാം സ്ഥാനം പങ്കിട്ടു. അതേസമയം ഹൈസ്കൂള്‍ വിഭാഗം സംസ്കൃത കലോത്സവത്തില്‍ കാസര്‍ഗോഡും മലപ്പുറവും പാലക്കാടും 95 പോയിന്റുമായി ഒന്നാമതെത്തി.
സ്കൂളുകളില്‍ പാലക്കാട് ജില്ലയിലെ ആലത്തൂര്‍ ബി.എസ്.എസ് ഗുരുകുലം ഹയര്‍സെക്കന്‍ഡറി സ്കൂള്‍ 171 പോയിന്റുമായി ഒന്നാമതും, തിരുവനന്തപുരം വഴുതക്കാട് കാര്‍മല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ 116 പോയിന്റുമായി രണ്ടാം സ്ഥാനത്തുമെത്തി.106 പോയിന്റുമായി മാനന്തവാടി എം.ജി.എം ഹയര്‍ സെക്കന്ററി സ്കൂളാണ് മൂന്നാമത്.
സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വിഡി സതീശന് ഉദ്ഘാടനം ചെയ്തു. പരാതികള്‍ ഇല്ലാതെ ഭംഗിയായി കലോത്സവം തീര്‍ക്കാന്‍ കഴിഞ്ഞതില്‍ വിദ്യാഭ്യാസ മന്ത്രിയെയും വകുപ്പിനെയും പ്രതിപക്ഷനേതാവ് അഭിനന്ദിച്ചു. ഒരു രാഷ്ട്രീയവും കലര്‍ത്താതെ ഭംഗിയായി മേള നടത്താന്‍ കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
ലോകത്ത് മറ്റെവിടെയും സ്കൂള്‍ കലോത്സവം പോലൊരു പരിപാടി സംഘടിപ്പിക്കാനാവില്ല. തനിക്ക് പത്ത് വയസ് കുറഞ്ഞു. കുട്ടികള്‍ നാടിന്റെ സമ്പത്ത് – അദ്ദേഹം വ്യക്തമാക്കി.
ചലച്ചിത്ര താരങ്ങളായ ടൊവിനോ തോമസും ആസിഫലിയും ചടങ്ങില്‍ മുഖ്യാതിഥികളായി. എ ഗ്രേഡ് കിട്ടുന്ന കുട്ടികള്‍ക്ക് നല്കുന്ന സമ്മാന തുക 500 രൂപ കൂടി വര്‍ദ്ധിപ്പിക്കുമെന്ന് തുടര്‍ന്ന് സംസാരിച്ച ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. നിലവില്‍ നല്‍കുന്നത് ആയിരം രൂപയാണ്. തുക വര്‍ദ്ധിപ്പിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി ആവശ്യപ്പെട്ടിരുന്നതായി അദ്ദേഹം പറഞ്ഞു. മന്ത്രി ജി ആര് അനില്‍ കലോത്സവ സുവനീര്‍ പ്രകാശനം ചെയ്യ്തു.
സ്വര്‍ണ്ണക്കപ്പ് രൂപകല്‍പ്പന ചെയ്ത ശില്പി ചിറയിന്‍കീഴ് ശ്രീകണ്ഠന് നായര്‍ക്ക് വേദിയില്‍ ആദരമൊരുക്കി.സ്വര്‍ണ്ണക്കപ്പ് ഒരിക്കല്‍ക്കൂടി തൊടണമെന്ന അദ്ദേഹത്തിന്റെ ആഗ്രഹത്തിന്റെ അടിസ്ഥാനത്തില്‍ വിദ്യാഭ്യാസ മന്ത്രി ക്ഷണിക്കുകയായിരുന്നു.
Be the first to comment