തിരുവനന്തപുരം: വ്യാപക പ്രതിഷേധത്തിനിടയിൽ കേരള സ്റ്റോറി ദൂരദർശനിൽ പ്രദർശിപ്പിച്ചു. ഇതിനെതിരെ നടപടി ആവശ്യപ്പെട്ട് സംസ്ഥാനത്തെ ഭരണ- പ്രതിപക്ഷ പാർട്ടികൾ തെരഞ്ഞെടുപ്പു കമ്മിഷനെ സമീപിച്ചെങ്കിലും അവർ ഇടപെട്ടില്ല. കേരളത്തില്‍ വ്യാപകമായി മതപരിവര്‍ത്തനം നടക്കുന്നുണ്ടെന്നും 32,000 സ്ത്രീകളെ മതം മാറ്റി ഐഎസില്‍ എത്തിച്ചെന്നും ആരോപിക്കുന്നതാണ് ചിത്രം. 2023 മേയ് അഞ്ചിനായിരുന്നു തിയേറ്റർ റിലീസ്. ആ സമയത്ത് തന്നെ കേരളത്തിൽ വലിയ പ്രതിഷേധമുയർന്നിരുന്നു.
ദൂരദർശൻ ചിത്രം പ്രദർശിപ്പിക്കുന്നതിനെതിരെ എതിർപ്പുമായി എൽഡിഎഫും യുഡിഎഫും മുസ്ലീം സംഘടനകളും ഒരുപോലെ രംഗത്തെത്തി. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചു. കേരളത്തെയും പ്രത്യേക വിഭാഗത്തെയും മോശമാക്കി ചിത്രീകരിച്ച സിനിമയാണിതെന്നും തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയുള്ള സിനിമ പ്രദർശനം സംശയാസ്‌പദമാണെന്നും സിപിഎം പരാതിയിൽ കുറ്റപ്പെടുത്തുന്നു.
ധ്രുവീകരണ നീക്കം നടത്തി വോട്ട് നേടാനുള്ള ശ്രമമെന്നും സംശയിക്കുന്നെന്നും സിനിമ പ്രദർശനം സാമൂഹിക സൗഹാർദം തകരുന്നതിന് വഴിവെക്കുമെന്നും പരാതിയിൽ പറയുന്നു. സിനിമ സംപ്രേക്ഷണം ചെയ്യുന്നത് കേരളത്തെഅധിക്ഷേപിക്കുന്നതിന് തുല്യമെന്നും വർഗീയ ധ്രുവീകരണം ലക്ഷ്യം വച്ചുള്ള നീക്കം പ്രതിരോധിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമാക്കിയിരുന്നു.
Be the first to comment