കോടതിയലക്ഷ്യം ഒഴിവാക്കാൻ കേരളം ജാതി സെൻസസിലേക്ക്; ഉടൻ തീരുമാനമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ

ഹൈക്കോടതിയിൽനിന്നും സുപ്രീം കോടതിയിൽനിന്നും കോടതിയലക്ഷ്യ നടപടികൾ ഒഴിവാക്കാൻ ജാതി സെൻസസ് നടത്താൻ ഒരുങ്ങി കേരളം. ഇക്കാര്യത്തിൽ ഉടൻ തീരുമാനമെടുക്കുമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു. ഒബിസി പട്ടിക പുതുക്കുന്നതിന് വേണ്ടിയാണ് ജാതി സെൻസസ് നടത്തുന്നത്. രാജ്യത്തെമ്പാടും ജാതി സെൻസസ് നടത്തണമെന്ന് ബിജെപി ഒഴികെയുള്ള ഒട്ടുമിക്ക രാഷ്ട്രീയ പാർട്ടികളും ആവശ്യപ്പെട്ടിട്ടുണ്ട്.

ഹൈക്കോടതിയിലുളള കേസില്‍ കോടതിയലക്ഷ്യ നടപടി ഒഴിവാക്കാന്‍ വേണ്ടിയാണ് സെന്‍സസിലേക്ക് പെട്ടെന്ന് നീങ്ങാനുളള തീരുമാനം. രാഷ്ട്രീയ പ്രത്യാഘാതമുണ്ടാക്കുന്ന വിഷയമായതിനാല്‍ എല്‍ഡിഎഫില്‍ കൂടി ചര്‍ച്ച ചെയ്ത ശേഷമായിരിക്കും അന്തിമ തീരുമാനം.

ജാതിസെന്‍സസ് നടത്താന്‍ 2020 ജൂണില്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ആറ് മാസത്തിനുളളില്‍ നടത്താനായിരുന്നു നിര്‍ദേശം. 2020 സെപ്റ്റംബറില്‍ സുപ്രീം കോടതി ഒരു വർഷത്തിനകം സെൻസസ് നടത്താൻ നിർദ്ദേശിച്ചു. എന്നിട്ടും സര്‍ക്കാര്‍ നടപടിയെടുത്തില്ല. ഇതോടെ ഹര്‍ജിക്കാര്‍ കോടതിയലക്ഷ്യ നടപടികളിലേക്ക് കടന്നു. ഇതാണ് ഇപ്പോൾ ജാതി സെൻസസ് നടത്തുന്നതിനെക്കുറിച്ച് ആലോചിക്കാൻ എൽഡിഎഫ് സർക്കാർ നിർബന്ധിതമായത്

മാനവ ഐക്യവേദി എന്ന സംഘടനയാണ് ഒടുവില്‍ കോടതിയെ സമീപിച്ചത്. ബ്രാഹ്‌മണര്‍, ക്ഷത്രിയര്‍, നായര്‍ അമ്പലവാസി, വിഭാഗങ്ങള്‍ക്ക് സംവരണം വേണമെന്ന് സംഘടനയുടെ ആവശ്യം. ഇതിന് പുറമെ മൈനോറിറ്റി ഇന്ത്യൻസ് പ്ലാനിങ് ആൻ്റ് വിജിലൻസ് കമ്മീഷൻ ട്രസ്റ്റ് എന്ന സംഘടനയും കോടതിയെ സമീപിച്ചു.

സംസ്ഥാനത്ത് 84 വിഭാഗങ്ങളാണ് ഒബിസി ലിസ്റ്റിൽ വരുന്നത്. പുതിയ സെൻസസ് വരുന്നതോടെ ചില വിഭാഗങ്ങൾ ഒഴിവാക്കപ്പെടുകയും മറ്റ് ചിലത് കൂട്ടിച്ചേർക്കപ്പെടാനും സാധ്യതയുണ്ട്. ഇത് സംസ്ഥാനത്ത് വലിയ ചലനങ്ങൾ സൃഷ്ടിക്കുമെന്നതുകൊണ്ട് ആലോചിച്ചായിരിക്കും സർക്കാർ തുടർനടപടികൾ സ്വീകരിക്കുക.

Be the first to comment

Leave a Reply

Your email address will not be published.


*