കേരള സര്‍വകലാശാല കലോത്സവം പൂര്‍ത്തീകരിക്കാൻ തീരുമാനം

തിരുവനന്തപുരം: കേരള സര്‍വകലാശാല കലോത്സവം പാതിവഴിയിൽ നിര്‍ത്തിയത് പൂര്‍ത്തിയാക്കാൻ സര്‍വകലാശാല സിന്റിക്കേറ്റ് തീരുമാനിച്ചു. അതിനിടെ വിവാദമായ കലോത്സവം കോഴക്കേസിൽ കുറ്റാരോപിതരായ നൃത്ത പരിശീലകര്‍ക്ക് ഹൈക്കോടതി മുൻകൂര്‍ ജാമ്യം അനുവദിച്ചു. പ്രതികളായ ജോമെറ്റ് മൈക്കിൾ, സൂരജ് എന്നിവർക്കാണ് ജാമ്യം അനുവദിച്ചത്. ഇവരെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്ന് വിലയിരുത്തിയാണ് കോടതിയുടെ തീരുമാനം.

കലോത്സവം അലങ്കോലപ്പെടാനുണ്ടായ സംഭവങ്ങൾ അന്വേഷിക്കാൻ കേരള സർവകലാശാല സിൻഡിക്കേറ്റ് തീരുമാനിച്ചിട്ടുണ്ട്. ഇതിനായി നാലംഗ സമിതിയെ നിയമിച്ചു. സമിതി ഒരാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ഡോ. ഗോപ് ചന്ദ്രൻ, അഡ്വ. ജി. മുരളീധരൻ, മുൻ എംഎൽഎ ആര്‍.രാജേഷ്, ഡോ.ജയൻ എന്നിവരാണ് സമിതിയിലെ അംഗങ്ങൾ. സമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം സര്‍വകലാശാല കലോത്സവം നടത്തുന്നതിനുള്ള കാലാവധി രണ്ട് മാസം കൂടി നീട്ടുന്നതിൽ തീരുമാനമെടുക്കും. കലോത്സവം ഭാവിയിൽ പരിഷ്‌കരിക്കുന്നതിന്  സമഗ്രമായി പഠിക്കുന്നതിന് പ്രത്യേക സമിതി രൂപീകരിക്കാനും സിന്റിക്കേറ്റ് തീരുമാനിച്ചിട്ടുണ്ട്. ഇതിൽ സിൻഡിക്കേറ്റ് അംഗങ്ങളും കലാ സാഹിത്യ രംഗത്തെ പ്രമുഖരും അംഗങ്ങളാകും.
 

Be the first to comment

Leave a Reply

Your email address will not be published.


*