കേരള സർവകലാശാല സെനറ്റ് യോഗം; സെർച്ച് കമ്മിറ്റി പ്രതിനിധിയെ ചൊല്ലി മന്ത്രിയും വിസിയും തമ്മിൽ തർക്കം

കേരള സർവകലാശാലയിൽ ഉന്നതവിദ്യഭ്യാസവകുപ്പ് മന്ത്രി ആർ ബിന്ദു വിളിച്ചുചേർത്ത സെനറ്റ് യോഗത്തിൽ നാടകീയ സംഭവങ്ങൾ. സെർച്ച് കമ്മറ്റിയിലേക്ക് ആളെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട പ്രമേയത്തിൽ മന്ത്രിയും കേരള സർവകലാശാല വിസിയും തമ്മിൽ തർക്കമുണ്ടായി.

കേരള സർവകലാശാലയുടെ വി സി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിലേക്ക് സർവകലാശാല പ്രതിനിധിയെ നൽകണമെന്ന ഗവർണറുടെ നിർദേശം നിയമ വിരുദ്ധമാണെന്ന പ്രമേയം പാസായതായി മന്ത്രിയും പാസായിട്ടില്ലെന്ന് വൈസ് ചാൻസലർ മോഹനൻ കുന്നുമലും നിലപാട് എടുത്തു.

സെർച്ച് കമ്മറ്റിയിലേക്ക് പ്രതിനിധിയെ നൽകേണ്ടതില്ലെന്ന് ഇടത് പ്രതിനിധി നസീബ് പ്രമേയം അവതരിപ്പിച്ചു. 106 അംഗങ്ങളുള്ള സെനറ്റിൽ ക്വാറം തികയാൻ മൂന്നിലൊന്ന് അംഗബലമാണ് ആവശ്യം. പ്രമേയത്തെ 26 പേർ എതിർത്തപ്പോൾ 65 പേർ പ്രമേയത്തെ അനുകൂലിച്ചു. ഇതോടെ പ്രമേയം പാസായെന്ന് മന്ത്രി പ്രഖ്യാപിച്ചു.

എന്നാൽ പ്രമേയം പാസായില്ലെന്ന് വിസി അറിയിക്കുകയായിരുന്നു. സെനറ്റ് യോഗത്തിലെ അധ്യക്ഷൻ താനാണെന്നായിരുന്നു വിസി ചൂണ്ടിക്കാട്ടിയത്. എന്നാൽ യോഗം വിളിച്ചു ചേർത്തത് പ്രോവിസി എന്ന നിലയിൽ താൻ ആണെന്ന് മന്ത്രി പറഞ്ഞു. ഇതോടെ വിസിയും ഇടത് അംഗങ്ങളും തമ്മിൽ വാക്ക് തർക്കം ഉടലെടുക്കുകയായിരുന്നു. തുടർന്ന് യോഗത്തിലെ അജണ്ടകൾ വായിച്ച മന്ത്രി ആർ ബിന്ദു യോഗം പിരിച്ചു വിട്ടെന്ന് പ്രഖ്യാപിച്ചു. രാവിലെ 11 മണിക്ക് ആരംഭിക്കേണ്ട യോഗത്തിൽ രാവിലെ 9 മണിക്ക് തന്നെ ഗവർണർ നോമിനേറ്റ് ചെയ്ത 11 അംഗങ്ങളും സെനറ്റ് യോഗത്തിനെത്തിയിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*