കേരളത്തിന്റ മാറ്റം കണ്ടില്ലെന്ന് നടിക്കാനാവില്ല; ലേഖനത്തില്‍ പറഞ്ഞത് വസ്തുത; നിലപാടില്‍ ഉറച്ച് ശശി തരൂര്‍

തിരുവനന്തപുരം: വ്യാവസായിക മേഖലയിലെ കേരളത്തിന്റെ വളര്‍ച്ച അതിശയിപ്പിക്കുന്നതാണെന്ന തന്റെ നിലപാടില്‍ മാറ്റമില്ലെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. നല്ല കാര്യങ്ങള്‍ ചെയ്താല്‍ അതിനെ അംഗീകരിക്കാനും മോശം കാര്യങ്ങള്‍ ചെയ്താല്‍ അതിനെ അധിക്ഷേപിക്കുന്നതുമാണ് തന്റെ രീതി. കേരളത്തിന്റെ വികസനത്തിന് രാഷ്ട്രീയതാതീമായി നില്‍ക്കണമെന്നും രണ്ടുവര്‍ഷമായുള്ള കേരളത്തിന്റെ വികസനം കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും ശശി തരൂര്‍ പറഞ്ഞു.

നമുടെ കുട്ടികളുടെ ഭാവിക്ക് വേണ്ടി കേരളത്തില്‍ സംരംഭങ്ങള്‍ വേണം. ഇക്കാര്യം താന്‍ നേരത്തെ പറഞ്ഞിരുന്നതാണ്. ഇതെല്ലാം ചെയ്യാനുള്ള കഴിവ് എല്‍ഡിഎഫിന് ഇല്ലെന്നാണ് താന്‍ ആക്കാലത്ത് കരുതിയത്. രണ്ടുവര്‍ഷം മുന്‍പ് വരെ വികസനത്തിന്റെ കാര്യത്തില്‍ സംസ്ഥാനങ്ങളില്‍ 28ാം സ്ഥാനത്തായിരുന്നു കേരളം. അതില്‍ നിന്ന് ഒന്നാം സ്ഥാനത്ത് എത്തിയാല്‍ അതിനെ അംഗീകരിക്കണമെന്നും തരൂര്‍ പറഞ്ഞു. കേരളത്തിന്റെ വികസനമാണ് ലക്ഷ്യമെങ്കില്‍ അതിന് രാഷ്ട്രീയത്തിനതീതമായി ചിലകാര്യങ്ങള്‍ കാണണം. കേരളം രാഷ്ട്രീയം കൂടുതല്‍ കണ്ടിട്ടുണ്ട്. എന്നാല്‍ വികസനം അത്ര കണ്ടിട്ടില്ല. വികസനത്തിന്റെ കാര്യത്തില്‍ എല്ലാവരും ഒറ്റക്കെട്ടായി പോകണം. കഴിഞ്ഞ പതിനെട്ടുമാസത്തെ കണക്കാണ് താന്‍ എഴുതിയത്. അതെല്ലാം സര്‍ക്കാര്‍ ചെയ്തിട്ടുണ്ടെങ്കില്‍ അതിനെ താന്‍ തപ്പുകൊട്ടി പറയുന്നു. പറഞ്ഞ കാര്യത്തില്‍ തനിക്ക് ഒരുമാറ്റവുമില്ലെന്നും തരൂര്‍ പറഞ്ഞു.

വ്യവസായ മന്ത്രി പി രാജീവിന്റെ പ്രസംഗത്തില്‍ നിന്നും കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് സംരഭം തുടങ്ങാന്‍ മൂന്ന് മിനിറ്റ് മതിയെന്ന് ലേഖനത്തില്‍ എഴുതിയത്. അക്കാര്യം താന്‍ അന്വേഷിച്ചപ്പോള്‍ ശരിയാണെന്ന് ബോധ്യപ്പെടുകയും ചെയ്തു. ആര് നല്ലത് ചെയ്താലും അതിനെ പ്രോത്സാഹിപ്പിക്കണം. നേരത്തെ ഇത്തരം കാര്യങ്ങള്‍ക്ക് തടസം നിന്നവവര്‍ അത് തിരുത്തിയപ്പോള്‍ താന്‍ അംഗീകരിക്കുന്നുവെന്നാണ് ലേഖനം പറയുന്നതെന്നും തരൂര്‍ പറഞ്ഞു. തന്റെ ലേഖനം പ്രതിപക്ഷ നേതാവ് വായിച്ചാല്‍ സ്റ്റാറ്റിസ്റ്റിക്‌സ് എവിടെ നിന്ന് ലഭിച്ചുവെന്ന് അദ്ദേഹത്തിന് അപ്പോള്‍ മനസിലാകും. വസ്തുതകളുടെ അടിസ്ഥാനത്തിലാണ് ലേഖനം എഴുതിയത്. റിപ്പോര്‍ട്ട് നോക്കിയാല്‍ ആര്‍ക്കും അത് മനസിലാകുമെന്നും തരൂര്‍ പറഞ്ഞു.

കേരളം ഒന്നാം സ്ഥാനത്ത് എത്തിയെന്ന റാങ്കിങ് സിപിഎം ഇറക്കുന്ന റാങ്കിങ് അല്ല. നാഷണല്‍ റാങ്കിങ് ആണ്. ഇത് കണ്ടില്ലെന്ന് നടിക്കാനാവില്ല. വികസനത്തിന് വേണ്ടി ആരും പ്രവര്‍ത്തിച്ചാലും അത് അംഗീകരിക്കണം. വിഷയത്തില്‍ ജനങ്ങള്‍ക്ക് വേണ്ടി നില്‍ക്കണം. ഭരണം മാറി പ്രതിപക്ഷത്തിരിക്കുമ്പോള്‍ കൊടി പിടിക്കരുതെന്നും തന്റെ ലേഖനത്തിന്റെ അവസാനത്തില്‍ പറയുന്നുണ്ട്. ഒരു കേരളീയനും ഭാരതീയനുമായി ചിന്തിക്കുന്നയാളാണ് താന്‍. താന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ വക്താവ് അല്ല. സംസാരിക്കുന്നത് ഒരു വ്യക്തിയായിട്ടാണ്. വിദേശ കാര്യങ്ങള്‍ നോക്കുമ്പോള്‍ ഭാരതത്തിന്റെ താത്പര്യം മാത്രമാണ് നോക്കേണ്ടത്. രാജ്യം മുന്നോട്ടുപോകണമെന്നാതാവണം നിലപാട്. വിവാദം ഉണ്ടാക്കാന്‍ ഇഷ്ടമുള്ളവര്‍ ഉണ്ടാക്കിക്കോട്ടെ. തനിക്കൊരു വ്യത്യയാനവും ഉണ്ടായിട്ടില്ലെന്നും തരൂര്‍ പറഞ്ഞു.

 

Be the first to comment

Leave a Reply

Your email address will not be published.


*