തിരുവനന്തപുരം: ലോകപ്രശസ്ത ഹൃദയശസ്ത്രക്രിയാ വിദഗ്ധനായ ഡോ. എം എസ് വല്യത്താന്റെ മരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി വീണാ ജോര്‍ജും അനുശോചിച്ചു. വൈദ്യശാസ്ത്ര ലോകത്തിന് കേരളം നല്‍കിയ മഹത്തായ സംഭാവനയാണ് ഡോ. എം എസ് വല്യത്താന്‍ എന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു. ഡോ. വല്യത്താന്റെ നിര്യാണം നമ്മുടെ സമൂഹത്തിന്, വിശിഷ്യാ ആരോഗ്യ മേഖലയ്ക്ക് തീരാനഷ്ടമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അഭിപ്രായപ്പെട്ടു.
പരമ്പരാഗതവും ആധുനികവുമായ വൈദ്യശാസ്ത്ര ചികിത്സാ സമ്പ്രദായങ്ങളെ സമന്വയിപ്പിച്ച് മുന്നോട്ടുപോയ ജനകീയ ഭിഷഗ്വരനായിരുന്നു ഡോ. വല്യത്താനെന്ന് മുഖ്യമന്ത്രി ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചു. ആധുനിക വൈദ്യശാസ്ത്രത്തില്‍ അവഗാഹം ഉണ്ടായിരിക്കെത്തന്നെ ആയുര്‍വേദ വൈദ്യശാസ്ത്രം പഠിക്കാനും അതില്‍കൂടി ഗവേഷണം നടത്താനും ഡോ. എം എസ് വല്യത്താന്‍ നടത്തിയ ശ്രമങ്ങള്‍ സമൂഹത്തിന്റെ പൊതുവായ ആരോഗ്യ പരിരക്ഷാരംഗത്തിന്റെ സാധ്യതകളെല്ലാം വിനിയോഗിക്കേണ്ടതുണ്ട് എന്ന നിശ്ചയത്തിന്റെ അടിസ്ഥാനത്തിലുള്ളതായിരുന്നു.
നേതൃപദവിയില്‍ ഇരുന്ന് ശ്രീചിത്തിര തിരുനാള്‍ ആശുപത്രിയെ ഉത്തരോത്തരം വളര്‍ത്തിയ വ്യക്തിയായിരുന്നു. ഹൃദയ സംബന്ധമായ ചികിത്സയ്ക്കാവശ്യമായ നൂതന സാങ്കേതികവിദ്യകളും ഉപകരണങ്ങളും വികസിപ്പിച്ചു. ഡിസ്‌പോസിബിള്‍ ബ്ലഡ് ബാഗ്, തദ്ദേശീയമായി കുറഞ്ഞ ചെലവില്‍ ഹൃദയവാള്‍വ് എന്നിവ വികസിപ്പിക്കുന്നതിലും അദ്ദേഹത്തിന് നേതൃപരമായ പങ്കുണ്ടായിരുന്നു.
ലഗസി ഓഫ് ചരക, ലഗസി ഓഫ് സുശ്രുത, ലഗസി ഓഫ് വാഗ്ഭട എന്നിങ്ങനെ വിശിഷ്ടങ്ങളായ മൂന്നു കൃതികള്‍ ആയുര്‍വേദ ശാസ്ത്രവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റേതായുണ്ട്. ആയുര്‍വേദത്തിന്റെ സാധ്യതകള്‍ സാധാരണക്കാര്‍ക്ക് മനസ്സിലാകണം എന്ന ഉദ്ദേശ്യത്തോടെ എഴുതപ്പെട്ടതാണ് ഈ കൃതികള്‍.
ആധുനിക വൈദ്യശാസ്ത്രത്തിന് മാത്രമായിരുന്നില്ല ഡോ. എം എസ് വല്യത്താന്റെ സംഭാവനയെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അനുസ്മരിച്ചു. സാമ്പ്രദായികമായ രീതിയില്‍ ആയുര്‍വേദം അഭ്യസിക്കുകയും അതിന്റെ പ്രാധാന്യം പൊതുജനങ്ങളെയും അധികാരികളെയും ബോധ്യപ്പെടുത്താന്‍ അക്ഷീണം പ്രയത്നിച്ചു. അഷ്ടാംഗഹൃദയം മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തു. ജീവിത സായാഹ്നത്തിലും ആയുര്‍വേദ ഗവേഷണ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിക്കുകയായിരുന്നു അദ്ദേഹമെന്നും ആരോഗ്യമന്ത്രി അഭിപ്രായപ്പെട്ടു.
Be the first to comment