
ഇടുക്കി: വോട്ട് പൗരൻ്റെ ഏറ്റവും വലിയ അവകാശമാണ്. സൗകര്യവും അവകാശവും ഉള്ളയാള്‍ക്ക് വോട്ടിനുള്ള അവസരം ഉണ്ടാക്കേണ്ടത് ഭരണകൂടത്തിൻ്റെ ഉത്തരവാദിത്തമാണ്. കേരളത്തിലെ ഏക ഗോത്ര വര്‍ഗ പഞ്ചായത്തായ ഇടമലക്കുടിയില്‍ കിടപ്പ് രോഗിയായ ഒരാള്‍ക്ക് വോട്ടു ചെയ്യാനായി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പോളിങ് ഉദ്യോഗസ്ഥര്‍ കൊടും വനത്തിലൂടെ നടന്നത് 18 കിലോമീറ്ററാണ്.
ഇടമലക്കുടി നൂറടിയിലെ 31 ആം ബൂത്തിലെ 246ാം നമ്പര്‍ വോട്ടറാണ് 92 വയസുള്ള ശിവലിംഗം. കിടപ്പുരോഗിയായ ഇദ്ദേഹം ബൂത്ത് ലെവല്‍ ഓഫീസര്‍ വഴി അസന്നിഹിതര്‍ക്കുള്ള വോട്ടിങ് സൗകര്യത്തിനായി അപേക്ഷ നല്‍കിയിരുന്നു. തുടര്‍ന്ന് ജില്ലാ ഇലക്ഷന്‍ വിഭാഗം അപേക്ഷ അംഗീകരിക്കുകയും വീട്ടില്‍ വോട്ട് രേഖപ്പെടുത്താന്‍ ഒമ്പത് അംഗ സംഘത്തെ നിയോഗിക്കുകയുമായിരുന്നു. തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് ഉപകരണങ്ങളുമായി ഇവര്‍ വനത്തിനുള്ളിലൂടെ 18 കിലോമീറ്റര്‍ നടന്ന് ഇടമലക്കുടിയിലെത്തിയത്.
മൂന്നാര്‍ എന്‍ജിനീയറിങ് കോളജിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ജിഷ മെറിന്‍ ജോസ്, മൂന്നാര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ അധ്യാപിക എം ആശ, മൂന്നാര്‍ ഡിവിഷണല്‍ ഫോറസ്‌ററ് ഓഫീസിലെ ക്ലര്‍ക്ക് എ വി ഡെസിമോള്‍, ഇടമലക്കുടി വില്ലേജ് ഓഫീസര്‍ ശ്യം ജി നാഥ്, ബീറ്റ് ഫോറസ്‌ററ് ഓഫീസര്‍മാരായ അഭിഷേക് കെ എസ്, ഷിബിന്‍ദാസ് സി എല്‍, സിവില്‍ പോലീസ് ഓഫീസര്‍ അനീഷ് കുമാര്‍ കെ ആര്‍, ഫോറസ്‌ററ് വാച്ചര്‍മാരായ കെ രാമന്‍, ശിവസേനന്‍, ബി എല്‍ ഓ ജയകുമാര്‍ എന്നിവരായിരുന്നു സംഘത്തില്‍.തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം നടപടികള്‍ ഡോക്യുമെന്റ് ചെയ്യുന്നതിനായി പി ആര്‍ ഡി ടീമും ഒപ്പമുണ്ടായിരുന്നു.
ഗോത്രവര്‍ഗ പഞ്ചായത്തായ ഇടമലക്കുടിയില്‍ നൂറ് ശതമാനം വോട്ടും രേഖപ്പെടുത്താനുള്ള ശ്രമത്തിലാണ് ജില്ലാ ഭരണകൂടം.
Be the first to comment