തലസ്ഥാന നഗരിയിൽ നവംബർ ഒന്നു മുതൽ ഏഴു വരെ സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ‘കേരളീയം 2023’ പരിപാടിയുടെ സംഘാടക സമിതി ഓഫിസ് ഉദ്ഘാടനം ഇന്ന് വൈകിട്ട് 5ന് കനകക്കുന്ന് പാലസ് ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ചടങ്ങിൽ കേരളീയം പരിപാടിയുടെ ഔദ്യോഗിക ലോഗോയുടെ പ്രകാശനവും വെബ്സൈറ്റ് ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിക്കും.
കേരളീയം സ്റ്റിയറിങ് കമ്മിറ്റി ചെയർമാനായ ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ ചടങ്ങിൽ അധ്യക്ഷത വഹിക്കും. കേരളീയം സ്വാഗതസംഘം ചെയർമാനായ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി സ്വാഗതം ആശംസിക്കും. ഭക്ഷ്യ- പൊതുവിതരണ മന്ത്രി ജി.ആർ അനിൽ, ഗതാഗത മന്ത്രി ആന്റണി രാജു, മേയർ ആര്യ രാജേന്ദ്രൻ, വി.കെ പ്രശാന്ത് എം.എൽ.എ. എന്നിവർ വിശിഷ്ടാതിഥികളായിരിക്കും. ചീഫ് സെക്രട്ടറിയും കേരളീയം ജനറൽ കൺവീനറായ ഡോ. വി. വേണു കൃതജ്ഞത അർപ്പിക്കും.
കേരളപ്പിറവി ദിനമായ നവംബർ ഒന്നു മുതൽ ഏഴു വരെ തിരുവനന്തപുരം നഗരത്തിലെ വിവിധ വേദികളിലാണു കേരളീയം 2023 അരങ്ങേറുന്നത്. കേരളത്തിന്റെ സമസ്ത നേട്ടങ്ങളെയും ലോകത്തിനു മുന്നിൽ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണു പരിപാടി സംഘടിപ്പിക്കുന്നത്.
Be the first to comment