ഇന്ത്യക്കാരനായ കെവന്‍ പരേഖിനെ പ്രമുഖ ടെക് കമ്പനിയായ ആപ്പിളിന്റെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറായി തെരഞ്ഞെടുത്തു

ന്യൂഡല്‍ഹി: ഇന്ത്യക്കാരനായ കെവന്‍ പരേഖിനെ പ്രമുഖ ടെക് കമ്പനിയായ ആപ്പിളിന്റെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറായി തെരഞ്ഞെടുത്തു. 2025 ജനുവരിയില്‍ കെവന്‍ പരേഖ് തന്റെ പുതിയ ഉത്തരവാദിത്തം ഏറ്റെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. 52 കാരനായ കെവന്‍ നിലവിലെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ ലൂക്കാ മേസ്ട്രിയുടെ പിന്‍ഗാമിയാകും. നിലവില്‍, കമ്പനിയുടെ ഫിനാന്‍ഷ്യല്‍ പ്ലാനിംഗ് ആന്‍ഡ് അനാലിസിസ് വിഭാഗത്തിന്റെ വൈസ് പ്രസിഡന്റ് ആണ് കെവന്‍ പരേഖ്.

കഴിഞ്ഞ പത്തുവര്‍ഷമായി കമ്പനിയുടെ സാമ്പത്തിക തലപ്പത്ത് നിര്‍ണായക റോള്‍ കൈകാര്യം ചെയ്ത് വരുന്ന കെവന്‍ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ പദവിയിലേക്ക് എന്തുകൊണ്ടും യോഗ്യനാണെന്നാണ് ആപ്പിള്‍ സിഇഒ ടിം കുക്ക് വിശേഷിപ്പിച്ചത്. ഏകദേശം 4 വര്‍ഷത്തോളം തോംസണ്‍ റോയിട്ടേഴ്സില്‍ ജോലി ചെയ്ത ശേഷമാണ് അദ്ദേഹം ആപ്പിളില്‍ ചേര്‍ന്നത്. തോംസണ്‍ റോയിട്ടേഴ്സിന് മുമ്പ്, അദ്ദേഹം ഏകദേശം 5 വര്‍ഷത്തോളം ജനറല്‍ മോട്ടോഴ്സില്‍ ജോലി ചെയ്തിട്ടുണ്ട്.

ലിങ്ക്ഡ്ഇന്‍ പ്രൊഫൈല്‍ അനുസരിച്ച്, പരേഖ് തന്റെ കരിയര്‍ ആരംഭിച്ചത് 2004 ലാണ്. ജനറല്‍ മോട്ടോഴ്‌സിലെ ന്യൂയോര്‍ക്ക് ട്രഷറര്‍ ഓഫീസില്‍ ക്യാപിറ്റല്‍ മാര്‍ക്കറ്റ്‌സ് മാനേജരായാണ് പരേഖ് തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. പിന്നീട് ബിസിനസ് ഡെവലപ്മെന്റ് ഡയറക്ടറായി സ്ഥാനക്കയറ്റം ലഭിച്ചു. 2013 ജൂണിലാണ് അദ്ദേഹം ആപ്പിളില്‍ ചേര്‍ന്നത്.

മിഷിഗണ്‍ സര്‍വകലാശാലയില്‍ നിന്ന് എന്‍ജിനിയറിങ്ങില്‍ ബിരുദം നേടിയ ശേഷം കെവന്‍ പരേഖ് ചിക്കാഗോ സര്‍വകലാശാലയില്‍ നിന്ന് എംബിഎ പൂര്‍ത്തിയാക്കി. ആപ്പിളില്‍ മാര്‍ക്കറ്റിങ്, ഇന്റര്‍നെറ്റ് സെയില്‍സ് ആന്‍ഡ് സര്‍വീസസ്, എന്‍ജിനിയറിങ് വിഭാഗങ്ങളിലാണ് തുടക്കം. നിലവില്‍ സാമ്പത്തിക ആസൂത്രണവും വിശകലനവും, വിപണി ഗവേഷണം തുടങ്ങി ചില പ്രധാന ഉത്തരവാദിത്തങ്ങള്‍ കൈകാര്യം ചെയ്ത് വരികയാണ് കെവന്‍ പരേഖ്.

Be the first to comment

Leave a Reply

Your email address will not be published.


*