ബ്രയിന്‍ ട്യൂമര്‍ നീക്കം ചെയ്യാന്‍ കണ്‍പിരുകത്തിലൂടെ കീഹോള്‍ ശസ്ത്രക്രിയ; ലോകത്ത് ആദ്യം

ചെന്നൈ: മെഡിക്കല്‍ രംഗത്തെ വന്‍ ചുവടുവയ്പ്പുമായി ചെന്നൈയിലെ ഡോക്ടര്‍മാര്‍. ഒരു സംഘം ന്യൂറോ സര്‍ജന്മാരാണ് തലച്ചോറില്‍ വളരെ ആഴത്തില്‍ സ്ഥിതി ചെയ്തിരുന്ന ഒരു ട്യൂമര്‍ കണ്‍പിരികത്തിലൂടെ നടത്തിയ കീഹോള്‍ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തിരിക്കുന്നത്.

ലോകത്തില്‍ തന്നെ ആദ്യമായിട്ടാണ് ഇത്തരമൊരു നേട്ടം. ന്യൂറോ ഓംഗോളജിയില്‍ ഇത് വലിയ ചുവടുവയ്പ്പാണ്. അപ്പോളോ കാന്‍സര്‍ സെന്ററിന്റെ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. 44കാരിയായ യുവതിയിലാണ് ശസ്ത്രക്രിയ നടത്തിയത്. ഒരു ബൈക്ക് അപകടത്തെ തുടര്‍ന്ന എസിസിയിലെത്തിയ യുവതിയെ പരിശോധിക്കുന്നതിന് ഇടയിലാണ് ഇത്തരത്തിലൊരു ട്യൂമര്‍ ശ്രദ്ധയില്‍പ്പെടുന്നത്.

സെറിബ്രല്‍ കോര്‍ട്ടക്‌സിനുള്ളിലുള്ള ഇന്‍സുലയിലാണ് ട്യൂമര്‍ കണ്ടെത്തിയത്. ഇത് ഒഴിവാക്കുക വെല്ലുവിളി നിറഞ്ഞ പ്രശ്‌നവുമായിരുന്നു. ഇതിന് ചുറ്റുമുള്ള ഇടങ്ങളിലാണ് സംസാരം, ചലനശേഷി എന്നിവ നിയന്ത്രിക്കുന്ന ഭാഗങ്ങളും രക്തകുഴലുകളുടെ ശൃംഖലയുമുള്ളത്. സാധാരണ രീതിയിലുള്ള ശസ്ത്രക്രിയ നടത്തിയാല്‍ ചിലപ്പോള്‍ ചലനശേഷി നഷ്ടപ്പെടാം, അല്ലെങ്കില്‍ സ്‌ട്രോക്ക് വരാം, സംസാരശേഷിയെ ബാധിച്ചേക്കാം. ഇതിനാലാണ് കീഹോള്‍ ശസ്ത്രക്രിയ എന്ന മാര്‍ഗം സ്വീകരിക്കാന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചത്.

ഈ ശസ്ത്രിക്രിയയ്ക്കിടയില്‍ രോഗി ഉണര്‍ന്നിരിക്കണം. ഇത് രോഗിയുടെ ദുരിതം വര്‍ദ്ധിപ്പിക്കുകയും അപസ്മാരം, മസ്തിഷ്‌ക വീക്കങ്ങള്‍ എന്നിവ പോലുള്ള സങ്കീര്‍ണതകളുടെ അപകടസാധ്യത കൂടുകയും ചെയ്യുന്നു. ഈ അപകടസാധ്യതകള്‍ ഉണ്ടായിരുന്നിട്ടും കണ്‍പിരുകത്തില്‍ ചെറിയ മുറിവുണ്ടാക്കി ട്യൂമറിനെ ശസ്ത്രക്രിയയിലൂടെ ഇല്ലാതാക്കാന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചു. ഇത് വിജയമാകുകയും ചെയ്തു.

ശസ്ത്രക്രിയ കഴിഞ്ഞ് 72മണിക്കൂറിനുള്ളില്‍ യുവതി ഡിസ്ചാര്‍ജാവുകയും ചെയ്തു. ഇത് അപകടകരമായ പല സാഹചര്യത്തിലും രോഗിയുടെ ജീവന്‍ രക്ഷിക്കാന്‍ ഉതകുന്ന മാര്‍ഗമാണ്. ഇതോടെ എസിസിയിലെ ഡോക്ടര്‍മാര്‍ക്ക് നാനാഭാഗത്ത് നിന്നും അഭിനന്ദന പ്രവാഹമാണ്.

Be the first to comment

Leave a Reply

Your email address will not be published.


*