കുട്ടികള്‍ക്കിടയില്‍ വൃക്കരോഗികളുടെ എണ്ണം വര്‍ധിക്കുന്നു, നിസ്സാരമാക്കരുത് ലക്ഷണങ്ങൾ, ഡയറ്റിലും വേണം ശ്രദ്ധ

രാജ്യത്ത് വൃക്ക രോഗം നേരിടുന്ന കുട്ടികളുടെയും കൗമാരക്കാരുടെയും എണ്ണം ആഗോളശരാരിയെക്കാള്‍ അധികമാണെന്നാണ് സമീപകാലത്ത് പുറത്തിറങ്ങിയ ദേശീയ പോഷകാഹാര സര്‍വേ റിപ്പോര്‍ട്ട്. ഇന്ത്യയില്‍ 5-19 പ്രായപരിധിയിലുള്ള കുട്ടികളും കൗമാരക്കാരുമായ ജനസംഖ്യയുടെ 4.9 ശതമാനവും ഗുരുതര വൃക്കരോഗം നേരിടുന്നതായി പഠനം വ്യക്തമാക്കുന്നു. കുട്ടികള്‍ക്കിടയിലെ വൃക്കരോഗം നേരത്തെ കണ്ടെത്തി ചികിത്സ ലഭ്യമാക്കിയില്ലെങ്കില്‍ ജീവിതകാലം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന പ്രത്യാഘാതങ്ങള്‍ ഉണ്ടാകാം.

കുട്ടികളുടെ വൃക്കരോഗത്തെക്കുറിച്ച് അവബോധം വളർത്തുന്നതും പ്രതിരോധ നടപടികൾ സ്വീകരിക്കുന്നതും കുട്ടികളുടെ ആരോഗ്യവും ക്ഷേമവും സംരക്ഷിക്കാൻ സഹായിക്കും.

കുട്ടികളിൽ രണ്ട് രീതിയിലാണ് പ്രധാനമായും വൃക്കരോഗങ്ങള്‍ ഉണ്ടാവാന്‍ സാധ്യത.

ജന്മനാ ഉണ്ടാകുന്ന : വൃക്ക വൈകല്യങ്ങൾ, പോളിസിസ്റ്റിക് വൃക്കരോഗം, അല്ലെങ്കിൽ മൂത്രനാളിയിലെ തടസ്സങ്ങൾ തുടങ്ങിയ അവസ്ഥകൾ.

രോഗം (പിൽക്കാലത്ത് വികസിക്കുന്നത്): അണുബാധകൾ, രോഗപ്രതിരോധവ്യവസ്ഥയിലെ തകരാറുകൾ, പ്രമേഹം, ഉയർന്ന രക്തസമ്മർദം പോലുള്ള വിട്ടുമാറാത്ത അവസ്ഥകൾ എന്നിവ മൂലമുണ്ടാകുന്നത്.

കുട്ടികളിൽ വൃക്കരോഗത്തിന് കാരണമാകുന്ന നിരവധി ഘടകങ്ങളുണ്ട്.

ജനിതകം: കുടുംബത്തിൽ മറ്റാര്‍ക്കെങ്കിലും വൃക്കരോഗമുണ്ടെങ്കില്‍ അപകടസാധ്യത കൂടുതലാണ്.

ജനന വൈകല്യങ്ങൾ: ചില കുട്ടികൾ അസാധാരണമായ വൃക്ക ഘടനയോടെ ജനിക്കാറുണ്ട്. ഇത് വൃക്കരോഗങ്ങളിലേക്ക് നയിക്കാം.

മൂത്രനാളി അണുബാധകൾ (UTIs): ചികിത്സിച്ചില്ലെങ്കിൽ ആവർത്തിച്ചുള്ള അണുബാധകൾ വൃക്കകളെ തകരാറിലാക്കും.

 

നെഫ്രോട്ടിക് സിൻഡ്രോം: രക്തത്തെ ഫിൽട്ടർ ചെയ്യുന്ന വൃക്ക കോശങ്ങളുടെ ഭാഗത്തിന് കേടുപാടുകൾ സംഭവിക്കുന്ന അവസ്ഥയാണ് നെഫ്രോട്ടിക് സിൻഡ്രോം. പലതരത്തിലുള്ള വൃക്ക പ്രശ്‌നങ്ങളാലും ഈ തകരാറ് സംഭവിക്കാം. 

സ്വയം രോഗപ്രതിരോധ രോഗങ്ങൾ: ല്യൂപ്പസ് പോലുള്ള അവസ്ഥകൾ വൃക്കകളുടെ പ്രവർത്തനത്തെ ദോഷകരമായി ബാധിക്കും.

അമിതവണ്ണവും രക്താതിമർദവും: ഉയർന്ന രക്തസമ്മർദവും അമിതവണ്ണവും വൃക്കകളുടെ പ്രവര്‍ത്തനത്തെ ബാധിക്കും.

പ്രമേഹം: കുട്ടികളിൽ ഇത് വളരെ സാധാരണമല്ലെങ്കിലും, പ്രമേഹം വൃക്കരോഗത്തിന് കാരണമാകും.

കുട്ടികളിലെ വൃക്കരോഗ ലക്ഷണങ്ങൾ

ആദ്യകാല ലക്ഷണങ്ങൾ വളരെ നിസ്സാരമായിരിക്കാം. എന്നാല്‍ രോഗാവസ്ഥ നേരത്തെ തിരിച്ചറിയുന്നത് അപകട സാധ്യത കുറയ്ക്കാന്‍ സഹായിക്കും.

  • മുഖത്തോ, കൈകളിലോ, കാലുകളിലോ വീക്കം
  • ഇടയ്ക്കിടെ മൂത്രമൊഴിക്കൽ അല്ലെങ്കിൽ മൂത്രമൊഴിക്കാൻ ബുദ്ധിമുട്ട്
  • മൂത്രത്തിൽ രക്തം (പിങ്ക് അല്ലെങ്കിൽ കോള നിറമുള്ള മൂത്രം)
  • ഉയർന്ന രക്തസമ്മർദ്ദം
  • ക്ഷീണവും ബലഹീനതയും
  • വിശപ്പില്ലായ്മയും വളർച്ച മന്ദഗതിയിലാകലും
  • ഓക്കാനം, ഛർദ്ദി

പ്രതിരോധം

ആരോഗ്യകരമായ ഭക്ഷണക്രമം

  • പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, മെലിഞ്ഞ പ്രോട്ടീനുകൾ എന്നിവ അടങ്ങിയ സമീകൃതാഹാരം പ്രോത്സാഹിപ്പിക്കുക.
  • ഉപ്പ്, പഞ്ചസാര, അനാരോഗ്യകരമായ കൊഴുപ്പ് എന്നിവ കൂടുതലുള്ള സംസ്കരിച്ച ഭക്ഷണങ്ങൾ പരിമിതപ്പെടുത്തുക.
  • വൃക്കകൾ നന്നായി പ്രവർത്തിക്കുന്നതിന് ആവശ്യത്തിന് വെള്ളം കുടിക്കുന്നുവെന്ന് ഉറപ്പാക്കുക.

അതികഠിനമായ തലവേദന ഛർദ്ദി; മസ്തിഷ്ക ജ്വരം പകർച്ചവ്യാധിയോ?

  • വ്യായാമം പ്രോത്സഹിപ്പിക്കുന്നതിനൊപ്പം സ്‌ക്രീൻ സമയം കുറയ്ക്കേണ്ടതും പ്രധാനമാണ്.
  • മൂത്രനാളി അണുബാധ തടയുന്നതിന് കുട്ടികളെ ശരിയായ ശുചിത്വം പഠിപ്പിക്കണം.
  • വേദനസംഹാരികളുടെയും ചില ആൻറിബയോട്ടിക്കുകളുടെയും അമിത ഉപയോഗം വൃക്കകളുടെ പ്രവർത്തനത്തെ ദോഷകരമായി ബാധിക്കും. മരുന്നുകളുടെ ഉപയോഗത്തെക്കുറിച്ച് എല്ലായ്പ്പോഴും ഒരു ഡോക്ടറുടെ ഉപദേശം പിന്തുടരുക.
  • ഗർഭകാലത്ത് വൃക്കരോഗങ്ങൾക്കായുള്ള സ്ക്രീനിങ് ഇപ്പോൾ ആന്റിനറ്റൽ അൾട്രാസോണോഗ്രാഫി, അനാമോളിസ് സ്കാൻ എന്നിവ ഉപയോഗിച്ച് നടത്തുന്നു.

 

Be the first to comment

Leave a Reply

Your email address will not be published.


*