കിഫ്ബി മസാല ബോണ്ട് കേസ്; തോമസ് ഐസക്കിന് സമന്‍സ് അയക്കാന്‍ ഇഡിക്ക് അനുമതി

മസാല ബോണ്ട് സമാഹരണത്തിലെ ഫെമ ലംഘന കേസില്‍ മുന്‍ ധനകാര്യമന്ത്രി തോമസ് ഐസക്കിന് പുതിയ സമന്‍സ് അയക്കാന്‍  ഹൈക്കോടതി ഇ‍ഡി ക്ക് അനുമതി നല്‍കി. സമന്‍സ് അയക്കുന്നത് നിര്‍ത്തിവെക്കാന്‍  നേരത്തെ ഹൈക്കോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് പുതുക്കിക്കൊണ്ടാണ് പുതിയ ഉത്തരവ് വന്നത്. തോമസ് ഐസക്കിന് നേരത്തെ അയച്ച സമന്‍സില്‍ മാറ്റങ്ങള്‍ വരുത്തി പുതിയ സമന്‍സ് അയക്കാന്‍ തയ്യാറാണെന്ന് ഇ‍ഡി വ്യക്തമാക്കിയ സാഹചര്യത്തിലാണ് അനുമതി. മസാല ബോണ്ട് സമാഹരണത്തില്‍ കിഫ്ബി വിദേശ നാണയ ചട്ടം ലംഘിച്ചുവെന്നും റിസര്‍വ് ബാങ്കിന്‍റെ അനുമതി വാങ്ങിയിരുന്നില്ലെന്നും ചൂണ്ടിക്കാട്ടി എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നടത്തുന്ന അന്വേഷണത്തിനെതിരെ തോമസ് ഐസക്കാണ് ഹൈക്കോടതിയെ സമീപിച്ചത്.

ഇഡി തനിക്ക് തുടര്‍ച്ചയായി സമന്‍സ് അയക്കുകയാണെന്നും അനാവശ്യ രേഖകള്‍ ഹാജരാക്കണമെന്ന് ആവശ്യപ്പെടുന്നുവെന്നും കേസിന്‍റെ പിന്നില്‍ രാഷ്ട്രീയ താത്പര്യമാണെന്നുമായിരുന്നു തോമസ് ഐസക്കിന്‍റെ വാദം. ബന്ധുക്കളുടെ അടക്കം 10 വര്‍ഷത്തെ മുഴുവന്‍ സാമ്പത്തിക ഇടപാടിന്‍റെ രേഖകള്‍ ഹാജരാക്കണമെന്നും സമന്‍സില്‍ അവശ്യപ്പെട്ടിരുന്നു. ഇതെല്ലാം ചോദ്യം ചെയ്തായിരുന്നു തോമസ് ഐസക്ക് ഹൈക്കോടതിയെ സമീപിച്ചത്. തുടര്‍ന്ന് തോമസ് ഐസക്കിന് സമന്‍സ് അയക്കുന്നത് നിര്‍ത്തിവെക്കാന്‍ നേരത്തെ ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. 

Be the first to comment

Leave a Reply

Your email address will not be published.


*