‘കിനാവിൻ വരി’ എന്ന് സ്വന്തം പുണ്യാള’നിലെ ഗാനമെത്തി; പുത്തൻ ഗെറ്റപ്പിൽ ബാലു വര്‍ഗീസ്

അര്‍ജുന്‍ അശോകന്‍, ബാലു വര്‍ഗീസ്, അനശ്വര രാജന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന ചിത്രം ‘എന്ന് സ്വന്തം പുണ്യാളനി’ലെ പുത്തൻ ഗാനമെത്തി. ‘കിനാവിന്‍ വരി’ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചത് കപില്‍ കപിലന്‍, സാം സി എസ് എന്നിവര്‍ ചേര്‍ന്നാണ്. സാം സി എസ് തന്നെയാണ് ഗാനത്തിന് സംഗീതം പകര്‍ന്നതും. യദു കൃഷ്ണന്‍ ആണ് ഗാനത്തിന് പശ്ചാത്തല ശബ്ദം നല്‍കിയിരിക്കുന്നത്. 2025 ജനുവരി 10ന് ചിത്രം തിയേറ്ററുകളിലെത്തും.

അര്‍ജുന്‍ അശോകന്‍, ബാലു വര്‍ഗീസ്, അനശ്വര രാജന്‍ എന്നിവര്‍ ഇതുവരെ കാണാത്തയൊരു പുതിയ ഗെറ്റപ്പിലാണ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തുക. ഇവര്‍ മൂന്ന് പേരും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്നുവെന്ന പ്രത്യേകതയും ഈ സിനിമക്കുണ്ട്. ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് സാംജി എം ആന്റണിയും സംഗീത സംവിധായകന്‍ സാം സി.എസ്സുമാണ്. രഞ്ജി പണിക്കര്‍, ബൈജു, അല്‍ത്താഫ്, അഷ്റഫ്, മീനാ രാജ് പള്ളുരുത്തി, വിനീത് വിശ്വം, സിനോജ് വര്‍ഗീസ്, സുര്‍ജിത് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.

മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ് ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പ്രേക്ഷകരില്‍ വലിയ ആവേശം ഉണര്‍ത്തിയിരുന്നു. മലയാളത്തിലും തമിഴിലുമായി ഒരുങ്ങുന്ന ചിത്രം ട്രൂത്ത് സീക്കേഴ്‌സ് പ്രൊഡക്ഷന്‍സ് ഹൗസിന്റെ ബാനറില്‍ ലിഗോ ജോണ്‍ നിര്‍മ്മിക്കുന്നു. കഴിഞ്ഞ 12 വര്‍ഷമായി നിരവധി പരസ്യങ്ങളിലൂടെയും ഷോര്‍ട്ട് ഫിലിമുകളിലൂടെയും കഴിവ് തെളിയിച്ച മഹേഷ് മധു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.

Be the first to comment

Leave a Reply

Your email address will not be published.


*