കിംഗ് കോലി; ടി-20 ലോകകപ്പില്‍ പാകിസ്താനെ തകര്‍ത്ത് ഇന്ത്യ

മെൽബൺ: സമകാലീന ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്മാൻ താനാണെന്ന് വിളിച്ചോതുന്ന വിരാട് കോഹ്ലിയുടെ തകർപ്പൻ ഇന്നിംഗ്സ് . ടി20 ക്രിക്കറ്റിന്‍റെ എല്ലാ ആവേശവും നിറഞ്ഞുനിന്ന പോരാട്ടത്തിൽ ചിരവൈരികളായ പാകിസ്ഥാനെ വീഴ്ത്തി ഇന്ത്യ. 160 റൺസ് വിജയലക്ഷ്യവുമായി ബാറ്റു ചെയ്ത ഇന്ത്യ നാല് വിക്കറ്റ് ശേഷിക്കെ അവസാന പന്തിൽ വിജയത്തിലെത്തുകയായിരുന്നു. 53 പന്തിൽ പുറത്താകാതെ 82 റൺസെടുത്ത വിരാട് കോഹ്ലിയുടെ തകർപ്പൻ ബാറ്റിങ്ങാണ് ഇന്ത്യയുടെ ജയം അനായാസമാക്കിയത്.

കഴിഞ്ഞ ടി20 ലോകകപ്പിലെയും ഏഷ്യാ കപ്പിലെയും പരാജയങ്ങള്‍ക്ക് പകരം വീട്ടാന്‍ കച്ചകെട്ടിയാണ് ഇന്ത്യ പാകിസ്താനെതിരെ ഇറങ്ങിയത്. ബൗളര്‍മാര്‍ ഒരുപരിധി വരെ പാകിസ്താന്‍ ബാറ്റിംഗ് നിരയെ പിടിച്ചുനിര്‍ത്തിയപ്പോള്‍ പ്രതീക്ഷ മുഴുവന്‍ ഇന്ത്യയുടെ ടോപ് ഓര്‍ഡര്‍ ബാറ്റിംഗ് നിരയിലായിരുന്നു. എന്നാല്‍ പ്രതീക്ഷകള്‍ തെറ്റിച്ച് ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മയും (4) കെ.എല്‍ രാഹുലും (4) തുടക്കത്തില്‍ തന്നെ മടങ്ങി. 

മൂന്നാമനായി ക്രീസിലെത്തിയ വിരാട് കോഹ്ലിയും സൂര്യകുമാര്‍ യാദവും പതിയെ സ്‌കോറിംഗ് ആരംഭിച്ചപ്പോള്‍ ഇന്ത്യ പ്രതീക്ഷയിലായി. പക്ഷേ,  സൂര്യകുമാറും (10 പന്തില്‍ 15) പിന്നാലെയെത്തിയ അക്ഷര്‍ പട്ടേലും അതിവേഗം മടങ്ങി. അഞ്ചാം വിക്കറ്റിൽ ഒത്തുചേർന്ന വിരാട് കോലിയും ഹാർദിക് പാണ്ഡ്യയും (113) ചേർന്ന കൂട്ടുകെട്ടാണ് ഇന്ത്യയെ കൂട്ടത്തകർച്ചയിൽ നിന്ന് രക്ഷിച്ചത്. അവസാന ഓവറില്‍ 16 റണ്‍സ് വിജയലക്ഷ്യത്തിലേയ്ക്ക് ബാറ്റ് വീശിയ പാണ്ഡ്യയ്ക്ക് പക്ഷേ തുടക്കത്തില്‍ തന്നെ പിഴച്ചു. മുഹമ്മദ് നവാസിനെതിരെ കൂറ്റനടിയ്ക്ക് ശ്രമിച്ച പാണ്ഡ്യ (40) ബാബറിന്റെ കൈകളില്‍ ഒതുങ്ങി. ഇന്ത്യക്ക് ജയിക്കാന്‍ അഞ്ച് പന്തില്‍ 16 റണ്‍സ്. ഫിനിഷറായ ദിനേശ് കാര്‍ത്തിക് ക്രീസില്‍. നേരിട്ട ആദ്യ പന്ത് തന്നെ ക്രീസ് വിട്ട് ചായിടിറങ്ങിയ കാര്‍ത്തിക്കിന് നേരെ നവാസിന്‍റെ ഫുള്‍ടോസ്. നോബോളായിരുന്നോ എന്ന് സംശയമുണ്ടായിരുന്നെങ്കിലും ഫ്രണ്ട് ഫൂട്ടില്‍ ക്രീസ് വിട്ടിറങ്ങിയതിനാല്‍ നോബോളായില്ല. ആ പന്തില്‍ ഒരു റണ്‍ മാത്രം. ഇന്ത്യന്‍ ലക്ഷ്യം നാലു പന്തില്‍ 15. മുഹമ്മദ് നവാസിന്‍റെ മൂന്നാം പന്തില്‍ കോലി രണ്ട് റണ്‍സ് ഓടിയെടുത്തു. ലക്ഷ്യം മൂന്ന് പന്തില്‍ 13.

പിന്നീടായിരുന്നു വിജയത്തില്‍ നിര്‍ണായകമായ കോലിയുടെ സിക്സ് പിറന്നത്. നവാസിന്‍റെ നാലാം പന്ത് ഫുള്‍ട്ടോസ്. കോലി സ്ക്വയര്‍ ലെഗ് ബൗണ്ടറിക്ക് മുകളിലൂടെ സിക്സ്. ഷോട്ട് പൂര്‍ത്തിയാക്കിയശേഷം നോ ബോളിനായി കോലിയുടെ അപ്പീല്‍. അരക്ക് മുകളിലുള്ള ഫുള്‍ട്ടോസായതിനാല്‍ അമ്പയര്‍ നോ ബോള്‍ വിളിച്ചു. എന്നാല്‍ ഇതില്‍ ക്ഷുഭിതനായ പാക് നായകന്‍ ബാബര്‍ അസം അമ്പയര്‍മാരോട് തര്‍ക്കിച്ചെങ്കിലും അത് നോ ബോളാണെന്ന തീരുമാനത്തില്‍ അമ്പയര്‍ ഉറച്ചു നിന്നു.

സിക്സും നോബോളിലൂടെ കിട്ടിയ ഒരു റണ്ണുമായപ്പോള്‍ ഇന്ത്യന്‍ ലക്ഷ്യം മൂന്ന് പന്തില്‍ ഏഴ് റണ്‍സ്. ഫ്രീ ഹിറ്റായ നാലാം പന്ത് സ്പിന്‍ എറിയാതെ മീഡ‍ിയം പേസ് എറിഞ്ഞ നവാസിന്‍റെ പന്ത് വൈഡായി. ഇതോടെ ഇന്ത്യന്‍ ലക്ഷ്യം മൂന്ന് പന്തില്‍ അഞ്ച് റണ്‍സായി. അടുത്ത പന്തില്‍ മനോഹരമായൊരു യോര്‍ക്കറില്‍ കോലിയുടെ സ്റ്റമ്പിളക്കിയെങ്കിലും സ്റ്റമ്പിൽ തട്ടിയശേഷം പന്ത് തേര്‍ഡ് മാനിലേക്ക് പറന്നു.

മനസാന്നിധ്യം വിടാതെ മൂന്ന് റണ്‍സ് ഓടിയെടുത്ത കോലിയും കാര്‍ത്തിക്കും ചേര്‍ന്ന് ഇന്ത്യന്‍ ലക്ഷ്യം രണ്ട് പന്തില്‍ രണ്ടാക്കി. ബൗള്‍ഡായ പന്തില്‍ റണ്‍സ് ഓടിയതില്‍ വീണ്ടും തര്‍ക്കമുന്നയിച്ച് പാക് നായകന്‍ ബാബര്‍ അസമും ഫീല്‍ഡര്‍മാരും രംഗത്ത് എത്തി. എന്നാല്‍ നോ ബോളിനെ തുടര്‍ന്നുള്ള ഫ്രീ ഹിറ്റില്‍ വിക്കറ്റെടുക്കാനാവാത്തതിനാല്‍ അത് ബൈ റണ്ണാണെന്ന് അമ്പയര്‍ വിധിച്ചു.

നിര്‍ണായക അഞ്ചാം പന്തില്‍ ക്രീസ് വിട്ടിറങ്ങി കാര്‍ത്തിക്കിന് പിഴച്ചു, ലെഗ് സ്റ്റംപിലേക്ക് പോയ പന്ത് സ്വീപ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും പാഡില്‍ തട്ടില്‍ ക്രീസില്‍ തന്നെ വീണു. പന്ത് എവിടെ പോയെന്ന് അറിയാതെ നിന്ന കാര്‍ത്തിക്കിനെ റിസ്‌വാന്‍ റണ്ണൗട്ടാക്കി. ഇതോടെ ഇന്ത്യ ഒന്ന് പകച്ചു. ലക്ഷ്യം ഒരു പന്തില്‍ രണ്ട് റണ്‍സ്. അശ്വിന്‍ ക്രീസില്‍. ആദ്യ പന്തില്‍ അമിതാവേശം കാട്ടാതെ ക്രീസില്‍ നിന്ന അശ്വിനുനേരെ ലെഗ് സ്റ്റംപ് ലക്ഷ്യമാക്കി നവാസിന്‍റെ പന്ത്. അനങ്ങാതെ നിന്ന അശ്വിന്‍റെ തന്ത്രം ഫലിച്ചു. പന്ത് വൈഡായി. സ്കോര്‍ ടൈ ആയി.

ഇതോടെ ഇന്ത്യ തോല്‍ക്കില്ലെന്ന് ഉറപ്പിച്ചു. അടുത്ത പന്തില്‍ ബാബര്‍ അസം ഫീല്‍ഡര്‍മാരയെല്ലാം ഇറക്കി നിര്‍ത്തിയെങ്കിലും മിഡ് ഓഫിന് മുകളിലൂടെ പന്ത് ഉയര്‍ത്തി അടിച്ച് ഒരു റണ്ണോടി അശ്വിനും കോലിയും ചേര്‍ന്ന് ഇന്ത്യയുടെ ഐതിഹാസിക ജയം പൂര്‍ത്തിയാക്കി.

Be the first to comment

Leave a Reply

Your email address will not be published.


*