പ്രതീക്ഷയില്‍ രാജ്യം; നിര്‍മല സീതാരാമന്‍റെ ഏഴാം ബജറ്റില്‍ എന്ത്, എങ്ങനെ?

ന്യൂഡൽഹി : മൂന്നാം മോദി സർക്കാരിന്‍റെ ആദ്യ ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കും. ഇന്ന് രാവിലെ 11 മണിക്കാണ്‌ പാര്‍ലമെന്‍റില്‍ ബജറ്റ് അവതരണം. 2047ൽ വികസിത രാജ്യമെന്ന ലക്ഷ്യത്തിലെത്താനുള്ള പദ്ധതികൾ ബജറ്റിലുണ്ടാകുമെന്നാണ് വിലയിരുത്തല്‍. അടിസ്ഥാന സൗകര്യ വികസനം ബജറ്റ് പ്രസംഗത്തിൽ പ്രധാനമായി ഇടംപിടിച്ചേക്കും.

വ്യവസായ മേഖലയുടെ വളർച്ച, തൊഴിൽ മേഖല എന്നിവയ്‌ക്ക്‌ സഹായകരമായ പദ്ധതികളും പ്രഖ്യാപിച്ചേക്കും. ആദായനികുതി ഇളവ് 5 ലക്ഷമായി ഉയർത്തുമെന്ന സൂചനകളുണ്ട്. കൂടാതെ പിഎം കിസാൻ പദ്ധതി തുക വർധിപ്പിച്ചേക്കും. ഇത് ഉൾപ്പെടെ കർഷകരുടെ വരുമാനം വർധിപ്പിക്കുന്നതിനുള്ള നടപടികളും എടുത്തേക്കും.

ഫെബ്രുവരി ഒന്നിന് നടന്ന ഇടക്കാല ബജറ്റിൽ കാര്യമായ നയമാറ്റങ്ങളോ പുതിയ ആനുകൂല്യങ്ങളോ ഉണ്ടായിട്ടില്ലാത്തതിനാൽ എല്ലാ കണ്ണുകളും സമ്പൂർണ ബജറ്റിലാണ്. നിക്ഷേപത്തിനും ഉപഭോഗത്തിനും ഇടയിൽ മികച്ച സന്തുലിതാവസ്ഥ കണ്ടെത്തുന്നതിലൂടെ സമ്പദ്‌വ്യവസ്ഥയുടെ ഉത്‌പാദന മേഖലകൾക്ക് കേന്ദ്ര ബജറ്റ് പിന്തുണ നൽകുമെന്ന് പ്രതീക്ഷിക്കുന്നു.

2024 ലെ യൂണിയൻ ബജറ്റ് നിർമല സീതാരാമന്‍റെ തുടർച്ചയായ ഏഴാമത്തെ ബജറ്റാണ്. ഇതോടെ തുടർച്ചയായ ആറ് ബജറ്റുകള്‍ അവതരിപ്പിച്ചെന്ന മൊറാര്‍ജി ദേശായിയുടെ റെക്കോർഡിനെ മറികടക്കുകയും ചെയ്യും. ഇക്കൊല്ലത്തെ ബജറ്റ് ആദായനികുതി ഘടനയിലെ മാറ്റങ്ങളിലും ഇന്ത്യയിൽ ബിസിനസ്‌ ചെയ്യുന്നത് എളുപ്പമാക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധ്യതയുണ്ട്.

 

 

Be the first to comment

Leave a Reply

Your email address will not be published.


*