‘ഞാന്‍ മാധ്യമ വിചാരണയുടെ ഇര’ ; വിസ്മയ കേസില്‍ ശിക്ഷാവിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ച് കിരണ്‍ കുമാര്‍

സ്ത്രീധന പീഡനത്തെ തുടര്‍ന്ന് കൊല്ലം സ്വദേശിനിയായ വിസ്മയ ജീവനൊടുക്കിയ കേസില്‍ സുപ്രീംകോടതിയെ സമീപിച്ച് പ്രതി കിരണ്‍ കുമാര്‍. തനിക്കെതിരെ ശിക്ഷാവിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയത്. ആത്മഹത്യപ്രേരണ കുറ്റം നിലനില്‍ക്കില്ല എന്നും ഹര്‍ജിയില്‍ പറയുന്നു. പ്രതി കിരണ്‍ നിലവില്‍ പരോളിലാണ്.

വിസ്മയ കേസില്‍ പത്തുവര്‍ഷം തടവു ശിക്ഷ വിധിച്ച വിചാരണ കോടതി വിധിക്കെതിരെ പ്രതി കിരണ്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഇതുവരെ തീരുമാനമാകാത്ത സാഹചര്യത്തിലാണ് സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയത്. വിസ്മയുടെ ആത്മഹത്യയുമായി തന്നെ നേരിട്ട് ബന്ധിപ്പിക്കാന്‍ തെളിവില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് അപ്പീല്‍ നല്‍കിയത്. ആത്മഹത്യ പ്രേരണ കുറ്റം നിലനില്‍ക്കില്ല എന്നും ഹര്‍ജിയില്‍ ഉന്നയിച്ചു.

പ്രതിയുടെ ഇടപെടല്‍ കൊണ്ടാണ് ആത്മഹത്യയെന്ന് തെളിയ്ക്കാനായിട്ടില്ല. മാധ്യമ വിചാരണയുടെ ഇരയാണ് താനെന്നും കിരണ്‍കുമാര്‍ പറഞ്ഞു. അഭിഭാഷകന്‍ ദീപക് പ്രകാശാണ് കിരണന്റെ ഹര്‍ജി സമര്‍പ്പിച്ചത്. കഴിഞ്ഞ മാസം 30ന് പോലീസ് റിപ്പോര്‍ട്ട് എതിരായിട്ടും ജയില്‍ മേധാവി പ്രതി കിരണിന് പരോള്‍ അനുവദിച്ചിരുന്നു. 2021 ജൂണിലാണ് ഭര്‍തൃ വീട്ടില്‍ വിസ്മയ തൂങ്ങി മരിച്ചത്.

Be the first to comment

Leave a Reply

Your email address will not be published.


*