കർഷക ക്ഷേമനിധി ബോർഡ് പദ്ധതി നടപ്പാക്കാത്തത് വഞ്ചനയെന്ന് കിസാൻസഭ

കണ്ണൂർ : എൽ.ഡി.എഫ്. സർക്കാർ അഭിമാനപൂർവം അവതരിപ്പിച്ച കർഷകക്ഷേമനിധി ബോർഡിന്റെ പദ്ധതികൾക്ക് അംഗീകാരമായില്ല. കർഷകരോടുള്ള വഞ്ചനയാണെന്ന വിമർശവുമായി സമരത്തിലേക്ക് നീങ്ങുകയാണ് സി.പി.ഐ.യുടെ കർഷകസംഘടനയായ കിസാൻസഭ.

പദ്ധതിക്ക് അംഗീകാരം തേടിയുള്ള ഫയൽ മൂന്നരവർഷമായി ധനവകുപ്പിന്റെ മുൻപാകെയാണ്. ആനുകൂല്യം നൽകാനുള്ള ധനസ്രോതസ്സ് സംബന്ധിച്ച തർക്കമാണ് അനുമതി വൈകാൻ ഇടയാക്കുന്നത്. വകുപ്പ് ആവശ്യപ്പെട്ടതുപ്രകാരം പദ്ധതിയിൽ പലതവണ ക്ഷേമനിധി ബോർഡ് വിശദീകരണം നൽകിയിരുന്നു. നിയമത്തിൽ പറഞ്ഞിരിക്കുന്ന വരുമാനമാർഗത്തിൽ 50 ശതമാനമെങ്കിലും നടപ്പാക്കിയാൽ സർക്കാരിന് സാമ്പത്തികഭാരമുണ്ടാകില്ലെന്നാണ് ബോർഡിന്റെ വാദം.

ബോർഡിന്റെ പ്രവർത്തനം സംബന്ധിച്ച് പ്രായോഗികകാര്യങ്ങളിൽ ചർച്ച നടക്കാനുണ്ടെന്നാണ് മൂന്നുവർഷം മുൻപ്‌ മന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞത്. ചർച്ച നടത്തി കാര്യങ്ങളിൽ വ്യക്തതവരുന്ന മുറയ്ക്ക് പദ്ധതികൾക്ക് അംഗീകാരം നൽകുമെന്നും മന്ത്രി പറഞ്ഞിരുന്നു. ഇതുവരെ ഇരുപതിനായിരത്തോളം അപേക്ഷകൾ മാത്രമാണ് കിട്ടിയത്.

30 ലക്ഷത്തോളം കർഷകരുണ്ടെന്നാണ് സംഘടനകളുടെ കണക്ക്. പദ്ധതി അനിശ്ചിതത്ത്വത്തിലായതോടെ അപേക്ഷകൾ കുറഞ്ഞു. ലോക്‌സഭ തിരഞ്ഞെടുപ്പ് തോൽവിയിൽ കർഷകരുടെ പ്രതിഷേധവും പ്രതിഫലിച്ചിട്ടുണ്ടെന്ന് കിസാൻസഭ സംസ്ഥാന കൗൺസിൽ വിലയിരുത്തിയിട്ടുണ്ട്.

ഇപ്പോഴത്തെ ധനമന്ത്രി കെ.എൻ ബാലഗോപാൽ കർഷകസംഘം സംസ്ഥാന സെക്രട്ടറിയായിരുന്നപ്പോൾ അന്നത്തെ ധനമന്ത്രി വിളിച്ചുചേർത്ത കർഷകസംഘടനകളുടെ യോഗത്തിൽ 10000 രൂപ പെൻഷൻ അനുവദിക്കണമെന്ന ആവശ്യമാണ് ഉന്നയിച്ചത്. ധനമന്ത്രിയായപ്പോൾ സ്വന്തം ആവശ്യത്തോടുപോലും പുറംതിരിഞ്ഞുനിൽക്കുകയാണെന്നാണ് കിസാൻസഭയുടെ വിമർശനം.

Be the first to comment

Leave a Reply

Your email address will not be published.


*