
സാങ്കേതികവിദ്യ ഏവർക്കും ലഭ്യമാക്കുക എന്ന ലക്ഷ്യവുമായി കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) ഒരു പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. നിർമ്മിത ബുദ്ധി (AI) സാധാരണക്കാർക്കും പഠിക്കാനും പ്രയോജനപ്പെടുത്താനും സാധിക്കുന്ന ഒരു ഓൺലൈൻ കോഴ്സാണ് കൈറ്റ് അവതരിപ്പിക്കുന്നത്.
നാല് ആഴ്ച നീണ്ടുനിൽക്കുന്ന ഈ കോഴ്സിന്റെ പേര് ‘എ.ഐ. എസൻഷ്യൽസ്’ എന്നാണ്. ദൈനംദിന ജീവിതത്തിൽ എ.ഐ എങ്ങനെ ഉപയോഗിക്കാം എന്നതാണ് കോഴ്സിന്റെ പ്രധാന ലക്ഷ്യം. ഇതിൽ വീഡിയോ ക്ലാസുകൾ, പഠന സാമഗ്രികൾ, കൂടാതെ എല്ലാ ആഴ്ചയിലും ഓൺലൈൻ കോൺടാക്ട് ക്ലാസുകളും ഉണ്ടായിരിക്കും.
ഓഫീസ് ആവശ്യങ്ങൾക്കായാലും,കല,സംഗീതം,സാഹിത്യം തുടങ്ങിയ മേഖലകളിൽ ആയാലും എ.ഐ ടൂളുകൾ എങ്ങനെ പ്രയോജനപ്പെടുത്താം എന്ന് ഈ കോഴ്സിലൂടെ പഠിക്കാം. പ്രോംപ്റ്റ് എഞ്ചിനീയറിംഗ്, ഉത്തരവാദിത്തമുള്ള എ.ഐ എന്നിവയെക്കുറിച്ചും കോഴ്സിൽ പറയുന്നുണ്ട്. കൈറ്റ് നേരത്തെ 80,000 സ്കൂൾ അധ്യാപകർക്കായിഎ.ഐ പരിശീലനം നൽകിയിരുന്നു. ആ പരിശീലന മൊഡ്യൂളിനെ പുതിയ ടൂളുകൾ ഉപയോഗിച്ച് മെച്ചപ്പെടുത്തിയാണ് ഈ പുതിയ കോഴ്സ് തയ്യാറാക്കിയിരിക്കുന്നത്.
മാർച്ച് 5 വരെ www.kite.kerala.gov.in എന്ന വെബ്സൈറ്റിലൂടെ കോഴ്സിന് രജിസ്റ്റർ ചെയ്യാം. ആദ്യ ബാച്ചിൽ 2500 പേർക്കാണ് അവസരം. രജിസ്ട്രേഷൻ ഫീസ് 2360 രൂപയാണ്. മാർച്ച് 10-ന് ക്ലാസുകൾ ആരംഭിക്കും. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ് ലഭിക്കും.
Be the first to comment